ഭോപ്പാല്‍: മധ്യപ്രദേശിലെ അലിരാജ്പുരില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതിക്കൊപ്പം നടത്തിക്കുകയും മര്‍ദിച്ചശേഷം കെട്ടിയിടുകയും ചെയ്തു. ബലാത്സംഗത്തിനിരയായ 16 വയസ്സുകാരിയെയാണ് പരസ്യമായി അപമാനിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. 

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഒരു സംഘം ആളുകള്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയായ 21-കാരനൊപ്പം ഗ്രാമത്തിലൂടെ നടത്തിക്കുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നതെന്ന് എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്തു. ഒപ്പമുണ്ടായിരുന്നവര്‍ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിക്കുന്നതും ഇതിനുശേഷം ഇരുവരെയും മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനുപിന്നാലെയാണ് ഇരുവരെയും കെട്ടിയിട്ടത്. 

വിവരമറിഞ്ഞെത്തിയ പോലീസ് സംഘമാണ് പെണ്‍കുട്ടിയെ പിന്നീട് മോചിപ്പിച്ചതെന്നാണ് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് 21-കാരനെതിരെയും ഇരുവരെയും മര്‍ദിച്ചതിന് ആറ് പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. 

Content Highlights: rape survivor paraded with accused in madhya pradesh