ജോധ്പുർ: ബലാത്സംഗത്തിനിരയായ യുവതിയെ ജാമ്യത്തിലിറങ്ങിയ പ്രതി കുത്തിക്കൊന്നു. രാജസ്ഥാനിലെ സിരോഹി ജില്ലയിൽ താമസിക്കുന്ന വിധവയായ യുവതിയാണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ അയൽക്കാരനായ നേത്രാം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നേത്രാം പ്രതിയായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാൾ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നത്. ബലാത്സംഗക്കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടും യുവതി വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ വർഷമാണ് രണ്ട് മക്കൾക്കും സഹോദരിക്കും ഒപ്പം താമസിക്കുന്ന യുവതിയെ നേത്രാം ബലാത്സംഗം ചെയ്തത്. യുവതി പോലീസിൽ പരാതി നൽകുകയും ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. ആറു മാസത്തെ ജയിൽവാസത്തിന് ശേഷം ഏപ്രിൽ മാസം പ്രതിക്ക് ജാമ്യം ലഭിച്ചു. തുടർന്ന് ബലാത്സംഗക്കേസ് പിൻവലിക്കാൻ പ്രതി യുവതിയോട് ആവശ്യപ്പെട്ടെങ്കിലും ഇവർ വിസമ്മതിച്ചു. ഇതോടെയാണ് ശനിയാഴ്ച രാത്രി സ്ത്രീവേഷത്തിൽ വീട്ടിൽക്കയറിയ നേത്രാം ഉറങ്ങുകയായിരുന്ന യുവതിയെ കുത്തിക്കൊന്നത്. സംഭവം കണ്ട് യുവതിയെ രക്ഷിക്കാൻ ശ്രമിച്ച സഹോദരിയെയും ഇയാൾ ആക്രമിച്ചു. കൃത്യം നടത്തിയ ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ തിങ്കളാഴ്ച രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Content Highlights:rape survivor killed by accused after he released on bail in rajasthan