ഉന്നാവ് (യു.പി): ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ ജാമ്യത്തിലങ്ങിയ പ്രതികള്‍ തീ കൊളുത്തി കൊലപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ നടന്ന സംഭവത്തിന്റെ നടുക്കം വിട്ടുമാറിയിട്ടില്ല. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ പേരില്‍ കുപ്രസിദ്ധമാണ് ഈ ജില്ല. ബിജെപി എംഎല്‍എ കുല്‍ദ്വീപ് സിങ്ങ് സേംഗറും കൂട്ടാളികളും യുവതിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന കേസും ഇവിടെയാണുള്ളത്. ഉന്നാവിലെ ജനപ്രതിനിധിയാണ് സേംഗര്‍.
അതിനിടെ, ഉന്നാവ് പോലീസിനെതിരെ കടുത്ത ആരോപണം ഉന്നയിച്ച് ഹിന്ദ്പുര്‍ സ്വദേശിനിയായ യുവതി രംഗത്തെത്തി. തന്നെ ബലാത്സംഗം ചെയ്യാന്‍ ഗ്രാമത്തിലെ പുരുഷന്മാരില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് പരാതി ഉന്നയിച്ച യുവതിയോട് ബലാത്സംഗം ചെയ്യപ്പെട്ട ശേഷം പരാതി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെ തീകൊളുത്തി കൊന്ന അതേ സ്ഥലത്താണ് ഈ സംഭവം.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മരുന്നുവാങ്ങാന്‍ യുവതി പോകുമ്പോഴാണ് ബലാത്സംഗ ശ്രമമുണ്ടായത്. മൂന്ന് പേരെത്തി യുവതിയുടെ വസ്ത്രം വലിച്ചു കീറാന്‍ ശ്രമിച്ചു. യുവതി വനിതാ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1090 വിളിച്ചപ്പോള്‍ 100 ല്‍ വിളിക്കാന്‍ ആവശ്യപ്പെട്ടു. 100 വിളിച്ചപ്പോള്‍ ഉന്നാവ് പോലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.
രക്ഷപ്പെട്ട യുവതി ഉന്നാവ് പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് ബലാത്സംഗം ചെയ്യപ്പെട്ട ശേഷം പരാതി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടത്. യുവതിയുടെ പരാതി വാങ്ങാതെ പോലീസ് മടക്കി അയയ്ക്കുകയും ചെയ്തു. മൂന്ന് മാസത്തോളം യുവതി പോലീസ് സ്‌റ്റേഷനില്‍ കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചവര്‍ യുവതിയെ തുടരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി പരാതിപ്പെടാന്‍ ശ്രമിച്ചതിനാണ് ഭീഷണിപ്പെടുത്തല്‍.
ഈ വര്‍ഷം 11 മാസത്തിനിടെ ഉന്നാവോയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 86 ബലാത്സംഗ കേസുകളാണ്.
Content Highlight: Rape has not happened, come when it happens Unnao Police refuse complaint