ന്യൂഡല്‍ഹി: പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എല്‍.ജെ.പി. എം.പി.യും ചിരാഗ് പാസ്വാന്റെ ബന്ധുവുമായ പ്രിന്‍സ് രാജ് പാസ്വാനെതിരേ ഡല്‍ഹി പോലീസ് കേസെടുത്തു. കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡല്‍ഹി പോലീസ് പ്രിന്‍സ് രാജിനെതിരേ സെപ്റ്റംബര്‍ ഒമ്പതാം തീയതി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. 

മൂന്ന് മാസം മുമ്പാണ് പ്രിന്‍സ് രാജിനെതിരേ യുവതി കൊണാട്ട്‌പ്ലേസ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. എല്‍.ജെ.പി. പ്രവര്‍ത്തകയായിരുന്ന തന്നെ അബോധാവസ്ഥയിലായിരിക്കെ പ്രിന്‍സ് രാജ് പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. 

അതേസമയം, യുവതിക്കെതിരേ പ്രിന്‍സ് രാജും പരാതി നല്‍കിയിരുന്നു. തനിക്കെതിരേ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയതിനാണ് എം.പി. യുവതിക്കെതിരേ പരാതി നല്‍കിയിരുന്നത്. തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഇതിനുപിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.