കൊച്ചി: പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയില്‍ പോലീസ് നടപടി വൈകുന്നതായി ആക്ഷേപം.

വടുതലയില്‍ താമസിക്കുന്ന തൃശ്ശൂര്‍ സ്വദേശിയായ 42-കാരിയാണ് പരാതിക്കാരി. മാട്രിമോണി വെബ്സൈറ്റ് വഴി പരിചയപ്പെട്ട ബ്രിട്ടനില്‍ താമസിക്കുന്ന മലയാളി വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി.

നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 12 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിലുണ്ട്.

കഴിഞ്ഞ മേയ് നാലിന് എറണാകുളം നോര്‍ത്ത് പോലീസ് ചങ്ങനാശ്ശേരി സ്വദേശിയും നിലവില്‍ ബ്രിട്ടീഷ് പൗരത്വവുമുള്ള ലെക്സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കലിനെതിരേ കേസെടുത്തിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചു കളിക്കുകയാണെന്നും മുന്‍കൂര്‍ ജാമ്യത്തിന് സഹായം ചെയ്യുകയാണെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.

2018 ഒക്ടോബറില്‍ ഓണ്‍ലൈന്‍ മാട്രിമോണി വഴിയാണ് ബ്രിട്ടനില്‍ താമസിക്കുന്ന ലെക്സണെ പരാതിക്കാരി പരിചയപ്പെടുന്നത്. ഡിവോഴ്സിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വൈകാതെ ലഭിക്കുമെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. വൈകാതെ ഇയാള്‍ നാട്ടിലെത്തി വിവാഹ നിശ്ചയം നടത്തി. പിന്നീട് ഇടപ്പള്ളിയിലെ വീട്ടില്‍ വെച്ച് ബലാത്സംഗം ചെയ്യുകയും നഗ്‌ന വീഡിയോയും ചിത്രങ്ങളും എടുക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.

ഇത് ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പലപ്പോഴായി ലക്ഷങ്ങള്‍ വാങ്ങിയെടുക്കുകയും ചെയ്തു. 2020 ജൂണില്‍ ഇയാള്‍ ഡിവോഴ്സായി എന്നറിഞ്ഞതോടെ തന്നെ വിവാഹം കഴിക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല.

തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും, വിവാഹം കഴിച്ചുകൊള്ളാം എന്ന ഉറപ്പില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി.

പിന്നീട് ഇയാള്‍ വിവാഹം കഴിക്കാന്‍ തയ്യാറാകാതെ പരാതിക്കാരിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് എറണാകുളം നോര്‍ത്ത് പോലീസില്‍ വീണ്ടും പരാതി നല്‍കിയത്.

പ്രതിയുടെ സ്വാധീനമാണ് അറസ്റ്റ് വൈകിക്കുന്നതെന്നാണ് ആരോപണം. അതേസമയം കേസില്‍ പ്രതിക്കായുള്ള തിരച്ചിലിലാണെന്നും ഇയാള്‍ ഒളിവിലാണെന്നും എറണാകുളം നോര്‍ത്ത് പോലീസ് പറഞ്ഞു.