തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബന്ധുവായ യുവാവ് അറസ്റ്റില്‍. കരിമാന്‍കോട് ഊരാളിക്കോണത്ത് താമസിക്കുന്ന വിപിനെ (22) ആണ് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്. 

പ്രതിയുടെ ബന്ധുവായ പെണ്‍കുട്ടി രണ്ടു മാസമായി പഠന ആവശ്യങ്ങള്‍ക്കായി പ്രതിയുടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാലോട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവശേപ്പിക്കുകയും അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് നെടുമങ്ങാട് താലൂക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം അറിയുന്നത്.

ആശുപത്രിയില്‍നിന്ന് വിവരം പാലോട് പോലീസിനെ അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പ്രതിയെ അറസ്റ്റു ചെയ്ത് നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പാലോടിലെ ഒരു പാരലല്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് പ്രതി. 

നെടുമങ്ങാട് ഡിവൈ.എസ്.പി ജെ ഉമേഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പാലോട് ഇന്‍സ്പെക്ടര്‍ സി.കെ മനോജ്, എസ്.ഐ നിസാറുദ്ദീന്‍, ജി.എസ്.ഐ ഭുവനചന്ദന്‍ നായര്‍, ജി.എസ്.ഐ അന്‍സാരി, ദിപാകുമാരി, സജുകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഈ കേസിന്റെ അന്വേഷണം നടത്തുന്നത്.

Content Highlights: rape case thiruvananthapuram