ചെന്നൈ: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ തമിഴ്‌നാട്ടിലെ മുന്‍ മന്ത്രിയും എ.ഐ.എ.ഡി.എം.കെ. നേതാവുമായ എം.മണികണ്ഠന്‍ അറസ്റ്റില്‍. ഞായറാഴ്ച രാവിലെ ബെംഗളൂരുവില്‍നിന്നാണ് ചെന്നൈ സിറ്റി പോലീസിന്റെ പ്രത്യേകസംഘം മണികണ്ഠനെ അറസ്റ്റ് ചെയ്തത്. വൈകാതെ പ്രതിയെ ചെന്നൈയില്‍ എത്തിക്കും. 

മണികണ്ഠന്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് മലേഷ്യക്കാരിയായ നടിയുടെ പരാതി. കേസില്‍ മുന്‍കൂര്‍ജാമ്യം തേടി മണികണ്ഠന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും മൂന്ന് ദിവസം മുമ്പ് ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. 

മണികണ്ഠനായി മധുരയിലും രാമനാഥപുരത്തും വ്യാപകമായി തിരച്ചില്‍ നടത്തിയ പോലീസ് സംഘം ഒടുവില്‍ ബെംഗളൂരുവിലെ ഒളിസങ്കേതത്തില്‍നിന്നാണ് ഇയാളെ പിടികൂടിയത്. 

Content Highlights: rape case tamilnadu former minister m manikandan arrested from bengaluru