അടിമാലി: സ്ത്രീപീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പോസ്റ്റുമാനില്‍നിന്ന് പണം തട്ടിയെടുത്ത സംഭവത്തില്‍ യുവതിക്കും യുവാവിനുമെതിരെ പോലീസ് കേസെടുത്തു. കല്ലാര്‍കുട്ടി പോസ്റ്റോഫീസിലെ പോസ്റ്റുമാന്‍ കുര്യാക്കോസിന്റെ പരാതി പ്രകാരം അടിമാലി പോലീസാണ് കേസെടുത്തത്. പ്രതികളുടെ പേരു വെളിപ്പെടുത്താന്‍ പോലീസ് വിസമ്മതിച്ചു.

rape
പ്രതീകാത്മക ചിത്രം

ദിവസങ്ങള്‍ക്കുമുന്‍പ് തനിക്ക് എഴുത്തുണ്ടോയെന്ന് തിരക്കി ഒരു യുവതി പോസ്റ്റുമാനെ സമീപിച്ചു. എഴുത്തുകള്‍ വിതരണം ചെയ്യുന്നതിനിടയില്‍ വഴിയില്‍വെച്ചായിരുന്നു സംഭവം. ഇതിനുശേഷം പോസ്റ്റുമാനെ ഫോണില്‍ വിളിച്ച യുവതി, തന്നെ വീട്ടില്‍നിന്ന് ഇറക്കിവിട്ടെന്നും നിങ്ങളാണ് ഇതിനു കാരണമെന്നും ആരോപിച്ചു.

എന്നാല്‍ തനിക്ക് ഈ വിഷയവുമായി ബന്ധമില്ലാത്തതിനാല്‍ യുവതിയുടെ ഫോണ്‍കോള്‍ അവഗണിച്ചു. എന്നാല്‍ രണ്ടുദിവസത്തിനുശേഷം, മൂവാറ്റുപുഴയിലെ അഭിഭാഷകനോടൊപ്പം താന്‍ പോലീസില്‍ പരാതി നല്‍കുവാന്‍ പോകുകയാണെന്ന് പോസ്റ്റുമാനെ ഫോണില്‍ അറിയിച്ചു. സ്റ്റേഷനില്‍ തിരക്കിയപ്പോള്‍ യുവതിയെ പീഡിപ്പിച്ചതായ മൊഴിയാണ് നല്‍കിയിരിക്കുന്നതെന്ന് അറിഞ്ഞു.

പിന്നീട് അഭിഭാഷകനെന്ന് പരിചയപ്പെടുത്തി ഇടനിലക്കാരനായി രംഗപ്രവേശം ചെയ്തയാള്‍ രണ്ടു തവണയായി 75,000 രൂപ വാങ്ങി. പണം നല്‍കിയപ്പോള്‍ ഈ പ്രശ്നം അവസാനിച്ചതായി പറഞ്ഞിരുന്നു.

എന്നാല്‍ വീണ്ടും പണം ആവശ്യപ്പെട്ട് ഫോണ്‍കോള്‍ വന്നു. ഒന്നരലക്ഷമാണ് യുവതി ആവശ്യപ്പെട്ടതെന്ന് യുവാവ് അറിയിച്ചു. ഇവരുടെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയതോടെ പോസ്റ്റുമാന്‍ അടിമാലി പോലീസിനെ സമീപിച്ചു.

മാനഹാനി ഭയന്നാണ് താന്‍ പണംനല്‍കിയതെന്നും പോസ്റ്റുമാന്‍ പരാതിയില്‍ പറയുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ നിരവധി കേസുകളിലെ പ്രതിയായ യുവാവും ഇയാളുടെ സഹായിയായ യുവതിയുമാണ് സംഭവത്തിനു പിന്നിലെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാളെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.