മുംബൈ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ നാവികസേനയിലെ ഓഫീസറുടെ പേരില്‍ മുംബൈ പോലീസ് കേസെടുത്തു. ഹോട്ടലുകളില്‍വെച്ചും ഒരു യുദ്ധക്കപ്പലില്‍വെച്ചും തന്നെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്നാണ് മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പറയുന്നത്.

നാവിക സേനയില്‍ ജൂനിയര്‍ ഓഫീസറായ 31-കാരന്റെ പേരിലാണ് വി.പി. റോഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. സാമൂഹികമാധ്യമം വഴി 2016-ലാണ് ഇയാളെ പരിചയപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു.

സൗഹൃദം വളര്‍ന്നതോടെ ഇയാളോടൊപ്പം മുംബൈയിലും ഡല്‍ഹിയിലും ജയ്പുരിലുമുള്ള ഹോട്ടലുകളില്‍ പോയി. ഇവിടെവെച്ച് ലൈംഗികമായി പീഡിപ്പിച്ചു. മുംബൈയിലെ ഒരു യുദ്ധക്കപ്പലില്‍വെച്ചും പീഡിപ്പിച്ചു. ഇതിനിടയില്‍ 2.21 ലക്ഷം രൂപ കടമായി വാങ്ങി. ആ തുക തിരിച്ചുകിട്ടിയില്ല. വിവാഹവാഗ്ദാനം നല്‍കിയയാള്‍ മറ്റൊരു പെണ്‍കുട്ടിയെ കല്യാണം കഴിച്ചെന്ന വിവരം അറിഞ്ഞപ്പോഴാണ് ചതി മനസ്സിലായതെന്ന് മുംബൈ വി.പി. റോഡ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇപ്പോള്‍ ഡല്‍ഹിയിലുള്ള യുവാവിനെതിരേ നാവികസേനാ ആസ്ഥാനത്തേക്കും പരാതി അയച്ചിട്ടുണ്ട്. മുംബൈ പോലീസ് ഡല്‍ഹിയില്‍ പോയെങ്കിലും ഇയാള്‍ ജോലിക്കെത്തിയിട്ട് ദിവസങ്ങളായി എന്ന മറുപടിയാണ് കിട്ടിയത്.

നാവികസേന ഉദ്യോസ്ഥനെതിരായ കേസായതിനാല്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നതിന് വിഷയം ഉന്നതാധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.