മംഗളൂരു: ലോകായുക്ത സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ തന്റെ ഓഫീസില്‍ വെച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ സഹായിച്ച മലയാളിയായ വനിതാ എസ്.ഐ.യേയും ഹെഡ് കോണ്‍സ്റ്റബിളിനെയും സസ്‌പെന്‍ഡ് ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സുഹൃത്തിനെ ഭീഷണിപ്പെടുത്തി പ്രതിക്ക് അനുകൂലമായി സത്യവാങ്മൂലം ഒപ്പിട്ടുവാങ്ങിയ ഉര്‍വ പോലീസ് സ്റ്റേഷന്‍ എസ്.ഐ. ശ്രീകല, ഹെഡ്‌കോണ്‍സ്റ്റബിള്‍ പ്രമോദ് എന്നിവരെയാണ് സിറ്റി പോലീസ് കമ്മിഷണര്‍ എന്‍.ശശികുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്.

എ.സി.പി. പി.എ.ഹെഗ്‌ഡെ നടത്തിയ വകുപ്പുതല അന്വേഷണത്തെ തുടര്‍ന്നാണ് ഇരുവര്‍ക്കെതിരേയും നടപടി. ഭീഷണിപ്പെടുത്തി മൊഴിഎടുത്ത കേസില്‍ ഇരയുടെ സുഹൃത്തായ ധ്രുവ, ധ്രുവയുടെ അമ്മ മഹാലക്ഷ്മി, മഹിളാ ജാഗ്രതെവേദിഗെ നേതാവ് പവിത്ര ആചാര്യ എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.

കഴിഞ്ഞ ദിവസമാണ് ലോകായുക്ത സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ.എസ്.എന്‍.രാജേഷ് ഭട്ട് ഓഫീസില്‍വെച്ച് തന്നെ പീഡിപ്പിച്ചതായി നിയമ വിദ്യാര്‍ഥിനി പോലീസില്‍ പരാതി നല്‍കിയത്. തന്നെ ഭീഷണിപ്പെടുത്തി പ്രതിക്കനുകൂലമായി പോലീസ് സ്റ്റേഷനില്‍വെച്ച് മൊഴി എഴുതിവാങ്ങിയെന്ന് കാണിച്ച് ഇരയുടെ സുഹൃത്തായ മറ്റൊരു വിദ്യാര്‍ഥിനിയും പരാതിനല്‍കിയിരുന്നു. ഈ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ശ്രീകലയും പ്രമോദും നിയമവിരുദ്ധമായി നടപടി എടുത്തതായി കണ്ടെത്തിയത്. ആരോപണ വിധേയനായ അഡ്വ. കെ.എസ്.എന്‍.രാജേഷ് ഭട്ട് ഒളിവിലാണ്.