കൊല്ലം : ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ അന്ധയായ 50-കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. തമിഴ്‌നാട് തിരുനെല്‍വേലി രാധാപുരം സ്വദേശി ലിംഗരാജ(40)യാണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെ ഗുരുവായൂര്‍-എഗ്മൂര്‍ എക്‌സ്പ്രസിലാണ് സംഭവം.

തൃശ്ശൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുപോയ 50 വയസ്സുകാരിക്കുനേരേയാണ് ബലാത്സംഗശ്രമം നടന്നത്. ആലുവമുതല്‍ അക്രമംനടത്തിയ യുവാവിനെ തന്ത്രപൂര്‍വമാണ് കുടുക്കിയത്. ബഹളംെവച്ചാല്‍ പ്രതി രക്ഷപ്പെടുമെന്നുകരുതി അക്രമം സഹിച്ച സ്ത്രീ മറ്റൊരു കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന സഹയാത്രികരെ ഫോണില്‍ രഹസ്യമായി വിവരമറിയിച്ചു. ടി.ടി.ഇ.യുടെ സഹായത്തോടെ റെയില്‍വേ പോലീസിന് വിവരം കൈമാറി. പുലര്‍ച്ചെ മൂന്നുമണിയോടെ തീവണ്ടി കൊല്ലം സ്റ്റേഷന്‍ വിട്ടപ്പോള്‍ റെയില്‍വേ പോലീസ് പ്രതിയെ പിടികൂടി. ബലാത്സംഗക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.