ബെംഗളൂരു: ബെംഗളൂരുവില്‍ ടാക്‌സി കാറില്‍ യാത്രചെയ്യാന്‍ കയറിയ യുവതിക്കുനേരെ പീഡനശ്രമം. യുവതിയുടെ പരാതി പ്രകാരം ടാക്‌സി ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. കെ.ആര്‍. പുരം ആവലഹള്ളിയില്‍ താമസിക്കുന്ന ആന്ധ്രപ്രദേശ് സ്വദേശി ദേവരാജുലുവാണ് അറസ്റ്റിലായത്.

ജെ.സി. നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട്ടിലേക്കു പോകാനായി യുവതി കാര്‍ ബുക്ക് ചെയ്ത് കയറുകയായിരുന്നു.

വീടെത്താനായപ്പോള്‍ യുവതി ഉറങ്ങിപ്പോയതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് ഡ്രൈവര്‍ കാര്‍ സമീപത്തെ ഒഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി നിര്‍ത്തുകയും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്നും അറിയിച്ചു. ഇതിനിടെ ഉണര്‍ന്ന യുവതി ബഹളമുണ്ടാക്കിയതോടെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

യുവതി പിന്നീട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടി.