പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വനിതാ പാരാമെഡിക്കല്‍ ടെക്‌നീഷ്യനെ താത്കാലികജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കേസ്. ഇതേത്തുടര്‍ന്ന്, ചിറ്റാര്‍ പന്ന്യാര്‍ കോളനിയില്‍ ചിറ്റേഴത്ത് അനന്തരാജിനെ (36) പത്തനംതിട്ട പോലീസ് അറസ്റ്റുചെയ്തു. ഇരുവരും ജനറല്‍ താത്കാലിക ജീവനക്കാരാണ്. കോവിഡ് പശ്ചാത്തലത്തില്‍, ജീവനക്കാരുടെ കുറവ് പരിഹരിക്കാനാണ് ഇവരെ താത്കാലികമായി നിയമിച്ചത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. യുവതി ഇരുന്ന ഇ.സി.ജി.മുറിയിലെത്തി തന്റെ ഇ.സി.ജി. എടുക്കണമെന്ന് അനന്തരാജ് ആവശ്യപ്പെട്ടു. പലതവണ വിസമ്മതിച്ചെങ്കിലും ഒടുവില്‍ ഇ.സി.ജി. എടുത്തുനല്‍കി. തുടര്‍ന്ന് യുവതി മുറിയില്‍നിന്ന് പുറത്തേക്കുപോയി.

തിരിച്ചെത്തിയപ്പോള്‍ അനന്തരാജ് പോകാതെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. യുവതി അകത്തേക്ക് കയറിയപ്പോള്‍ ഇയാള്‍ ചാടിയെഴുന്നേറ്റ് വാതില്‍ കുറ്റിയിട്ട് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ജീവനക്കാരിയുടെ പരാതി. യുവതി സംഭവം സഹപ്രവര്‍ത്തകയെ ഫോണില്‍ അറിയിച്ചു. ഡ്യൂട്ടിഡോക്ടര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പത്തനംതിട്ട പോലീസ്, ആശുപത്രിയിലെത്തി അനന്തരാജിനെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച മെഡിക്കല്‍ പരിശോധന നടത്തി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.