കോയമ്പത്തൂര്‍: പില്ലൂര്‍ അണക്കെട്ടിനുസമീപം ചുണ്ടപ്പട്ടി വില്ലേജിലെ 33-കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മലയാളികളായ രണ്ടുപേരെ പില്ലൂര്‍ പോലീസ് അറസ്റ്റുചെയ്തു. മണ്ണാര്‍ക്കാട് തെങ്കര സ്വദേശി അനീഷ് (25), അട്ടപ്പാടി ചാവടിയൂര്‍ കീഴ്മുള്ളി സ്വദേശി രാജേഷ് (22) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചത്.

ആദിവാസിവിഭാഗത്തില്‍പ്പെട്ട യുവതി തോട്ടത്തില്‍ കുരങ്ങുകളെ ഓടിക്കുന്നതിനിടെ ഇരുചക്രവാഹനത്തില്‍ എത്തിയ ഇരുവരും കത്തികാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

യുവതിയുടെ നിലവിളികേട്ട് ഭര്‍ത്താവും മറ്റും ഓടിയെത്തുമ്പോഴേക്കും ഇരുവരും വാഹനത്തില്‍ രക്ഷപ്പെട്ടിരുന്നു. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അത്തിക്കടവ് ഭാഗത്തുനിന്ന് നാട്ടുകാര്‍ ഇരുവരെയും പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.