ബെംഗളൂരു: ബെംഗളൂരുവിന് സമീപത്തെ ഹോസ്‌കോട്ടയില്‍ ബന്ധുവിന്റെ മുന്നില്‍വെച്ച് 20-കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അഞ്ച് ടാക്സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. ഹന്ദേനഹള്ളി സ്വദേശികളായ നവാസ് പാഷ (22), ആഷിഫ് (29), ലിയാഖത്ത് പാഷ (30), രോഹിത് (26), സല്‍മാന്‍ ഖാന്‍ (28) എന്നിവരാണ് പിടിയിലായത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. പെണ്‍കുട്ടിയും ബന്ധുവും യാത്രയ്ക്കിടെ വാഹനം വഴിയരികിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനു സമീപം മാറ്റിയിട്ട് ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ ടാക്സിഡ്രൈവര്‍മാര്‍ ഇവരെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെയും ബന്ധുവിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇത് പരസ്യപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി. അഞ്ചുലക്ഷം രൂപ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

പിന്നീട് കാറില്‍നിന്ന് പെണ്‍കുട്ടിയെ പിടിച്ചിറക്കി അഞ്ചുപേരും ചേര്‍ന്ന് ലൈംഗികമായി ഉപദ്രവിച്ചു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപപ്രദേശത്ത് ആടുമേയ്ക്കുകയായിരുന്ന ചിലര്‍ സ്ഥലത്തെത്തിയതോടെ ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയും ബന്ധുവും പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

സമീപപ്രദേശങ്ങളിലെ സി.സി. ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ടാക്‌സി ഡ്രൈവര്‍മാരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. തുടര്‍ന്ന് ഹൊസ്‌കോട്ടയില്‍ നിന്ന് അഞ്ചുപേരെയും പിടികൂടുകയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയും ബന്ധുവും കയറിയ കാറിനെ ഏറെനേരം സംഘം പിന്തുടര്‍ന്നിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍.