കോഴിക്കോട്: ബധിരയായ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അധ്യാപകനെ അറസ്റ്റു ചെയ്തു. ഫാറൂഖ് കോളേജിലെ അധ്യാപകനായിരുന്ന പുത്തനത്താണി വൈരങ്കോട് കമറുദ്ദീൻ പരപ്പിലിനെയാണ് (37) അറസ്റ്റുചെയ്തത്.

കഴിഞ്ഞവർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളേജിലെ വിനോദയാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയതായാണ് ഇന്റേണൽ കംപ്ലയിന്റ് സെല്ലിൽ നൽകിയ പരാതിയിൽ വിദ്യാർഥിനി പറഞ്ഞിരുന്നത്. സീറ്റിൽ അടുത്തിരുന്ന അധ്യാപകൻ ലൈംഗികച്ചുവയോടെ ശരീരഭാഗങ്ങളിൽ സ്പർശിച്ചതായി പരാതിയിൽ പറയുന്നു. തുടർന്ന് കോളേജിൽനിന്ന് അന്വേഷണ വിധേയമായി ഇയാളെ സസ്പെൻഡ് ചെയ്തു.

ഫറോക്ക് സ്റ്റേഷനിൽ പരാതിയെത്തിയതോടെ അധ്യാപകനെതിരേ പോലീസ് അന്വേഷണം ആരംഭിച്ചു. കരുണ സ്പെഷ്യൽ സ്കൂളിന്റെ സഹായത്തോടെയാണ് പോലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തത്. ഭയം കാരണം 2019 ഡിസംബർ ആറിനുനടന്ന സംഭവം വിദ്യാർഥിനി ഫെബ്രുവരിയിലാണ് അറിയിച്ചത്.

അസിസ്റ്റന്റ് കമ്മിഷണർ (സൗത്ത്) എ.ജെ. ബാബുവിന്റെ നേതൃത്വത്തിലാണ അന്വേഷണം നടന്നത്. എസ്.ഐ. ഉണ്ണി, സി.പി.ഒ.മാരായ രമേഷ്ബാബു, സുജിത്ത്, ജാനേഷ് കുമാർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. അധ്യാപകനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Content Highlights:rape attempt against student college teacher arrested in feroke