പത്തനംതിട്ട: വീടിന്റെ ഓടിളക്കിയിറങ്ങി എഴുപത്തഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ഓമല്ലൂർ പറയനാലി അണ്ണാവാതുക്കൽ മഹേഷ് (25) ആണ് പിടിയിലായത്.

ഒറ്റയ്ക്കുതാമസിക്കുന്ന വയോധികയ്ക്കുനേരേ കഴിഞ്ഞദിവസം രാത്രി ഒൻപതുമണിയോടെയായിരുന്നു പീഡനശ്രമം. വീടിന്റെ ഓടിളക്കി അകത്തുകടന്ന മഹേഷ് ബലപ്രയോഗത്തിനിടയിൽ ഇവരുടെ മൂക്കും വായും കൂട്ടിപ്പിടിച്ച് ശ്വാസംമുട്ടിച്ചു. ഇവർ കൈയിൽ കടിച്ചതിനെത്തുടർന്ന് പിടിവിട്ടോടി.

ബഹളത്തിനിടയിൽ ഇയാളുടെ കൈലിയും മൊബെൽ ഫോണും നഷ്ടപ്പെട്ടു. ഇതെടുക്കാൻ തിരിച്ചെത്തിയപ്പോൾ, നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ മഹേഷിനെ പിടികൂടി പോലീസിൽ ഏല്പിക്കുകയായിരുന്നു.