പത്തനംതിട്ട: വീട്ടില്‍ കിടന്നുറങ്ങിയ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്ക് അഞ്ചുവര്‍ഷം തടവുശിക്ഷ. പട്ടാഴി വടക്കേക്കര മഞ്ചാടിമുക്ക് സിജോ ഭവനില്‍ സിജോ രാജുവിന്(30) ആണ് ശിക്ഷ. പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജി ജയകുമാര്‍ ജോണിന്റേതാണ് വിധി.

അതിക്രമിച്ചുകടന്നതിന് അഞ്ചുവര്‍ഷം തടവും 40,000 രൂപ പിഴയും സ്ത്രീത്വത്തെ അപമാനിച്ചതിന് രണ്ടുവര്‍ഷം തടവും 20,000 രൂപ പിഴയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ചതിന് മൂന്നുവര്‍ഷം തടവും 25,000 രൂപ പിഴയുമാണ് വിധിച്ചിട്ടുള്ളത്. എങ്കിലും തടവുശിക്ഷ ഒരുമിച്ചായതിനാല്‍ അഞ്ചുവര്‍ഷം അനുഭവിച്ചാല്‍ മതിയാകും.

2016-ലാണ് അതിക്രമമുണ്ടായത്. രാത്രിയില്‍ ഉറങ്ങാന്‍ അമ്മയോടൊപ്പം കിടന്നതായിരുന്നു പെണ്‍കുട്ടി. അര്‍ദ്ധരാത്രിയോടെ ആരോ ശരീരത്ത് പിടിക്കുന്നത് മനസ്സിലാക്കി ഞെട്ടിയുണര്‍ന്നപ്പോള്‍ കണ്ടത് സിജോ കട്ടിലില്‍ ഇരിക്കുന്നതാണ്. മകളും അമ്മയും ബഹളംവെച്ചതിനെത്തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഏനാത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ചെയ്തത്.

പ്രോസിക്യൂഷനുവേണ്ടി പ്രിന്‍സിപ്പല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജെയ്‌സണ്‍ മാത്യൂസ് ഹാജരായി.