കോവളം: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്‌നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തുകയും മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. വെങ്ങാനൂര്‍ പനങ്ങോട് അംബേദ്കര്‍ ഗ്രാമത്തിലെ സക്കീറിനെ(36) ആണ് കോവളം പോലീസ് അറസ്റ്റുചെയ്തത്.

ഫെയ്സ്ബുക്കിലൂടെ ഏറെനാളത്തെ അടുപ്പമുണ്ടായിരുന്നതിനാല്‍ സക്കീര്‍ വിളിച്ചപ്പോള്‍ യുവതി കോവളത്തെത്തി. ഹോട്ടലിലേക്ക് വിളിച്ചുകൊണ്ടുപോയി മദ്യംനല്‍കി മയക്കിയശേഷം യുവതിയുടെ നഗ്‌നചിത്രങ്ങളെടുക്കുകയും തുടര്‍ന്ന് പീഡിപ്പിക്കാനും ശ്രമം നടത്തി. തുടര്‍ന്ന് ഇയാളെടുത്ത യുവതിയുടെ ചിത്രങ്ങള്‍ വാട്ട്സ് ആപ്പ് വഴി അയച്ച് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതിനെ തുടര്‍ന്ന് യുവതി കോവളം പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പോലീസ് ഇയാളെ അറസ്റ്റുചെയ്തു. കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവറാണ് ഇയാളെന്ന് കോവളം പോലീസ് പറഞ്ഞു.

കോവളം ഇന്‍സ്പെക്ടര്‍ എസ്.രൂപേഷ് രാജ്, എസ്.ഐ.മാരായ ഗംഗാപ്രസാദ്, മണികണ്ഠന്‍ ആശാരി, അസി. സബ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, സി.പി.ഒ.മാരായ ശ്രീകാന്ത്, അരുണ്‍, ഷിജു, ഷൈജു, ശ്യാംകൃഷ്ണ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.