ബെംഗളൂരു: കലബുറഗിയിലെ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിൽക്കഴിയുന്ന കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. കലബുറഗി സ്വദേശി പിന്റോ (27) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് സംഭവം. ആശുപത്രിക്കുള്ളിൽ കടന്ന പിന്റോ കോവിഡ് വാർഡിൽ ഉറങ്ങിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

കട്ടിലിനോടുചേർത്ത് ഘടിപ്പിച്ച യൂറിൻ ബാഗ് വലിച്ചുമാറ്റിയതോടെ യുവതി ഉറക്കമുണരുകയും ബഹളംവെക്കുകയും ചെയ്തു. ഇതോടെ വാർഡിലുണ്ടായിരുന്ന മറ്റുരോഗികൾ പിന്റോയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടിരക്ഷപ്പെട്ടു. ആശുപത്രിയധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് ബ്രഹ്മപുരം പോലീസ് എത്തിയാണ് ആശുപത്രിക്ക് സമീപം ഒളിച്ചിരിക്കുകയായിരുന്ന ഇയാളെ പിടികൂടിയത്.

ആശുപത്രിയിൽനിന്ന് മൃതദേഹങ്ങൾ കൊണ്ടുപോകാൻ ചുമതലപ്പെടുത്തിയ സ്വകാര്യ ആംബുൻസിന്റെ ഡ്രൈവറാണിയാൾ. സംഭവത്തെത്തുടർന്ന് കോവിഡ് വാർഡിൽ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ആശുപത്രിയധികൃതർ പറഞ്ഞു.