പെരിന്തൽമണ്ണ: കോവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ ആശുപത്രിയുടെ മറ്റൊരു ബ്ലോക്കിലേക്ക് സ്കാനിങ്ങിനായി മാറ്റുന്നതിനിടെ പീഡിപ്പിക്കാൻശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്തു.

പെരിന്തൽമണ്ണ സഹകരണ ആശുപത്രിയിലെ കരാർ തൊഴിലാളിയായ പുലാമന്തോൾ കുരുവമ്പലം ശങ്കരമംഗലത്ത് പ്രശാന്ത്(33)നെയാണ് പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി(ഒന്ന്) ശനിയാഴ്ച വൈകീട്ടോടെ റിമാൻഡ് ചെയ്തത്. ഏപ്രിൽ 26-ന് കോവിഡ് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വണ്ടൂർ സ്വദേശിനിയായ 38-കാരിയെ 27-ന് രാത്രി സ്കാനിങ്ങിനായി മാറ്റുമ്പോഴായിരുന്നു സംഭവം. ചികിത്സയിലുള്ള യുവതിയുടെ ശാരീരികാവസ്ഥ പരിഗണിച്ച് ആശുപത്രിയുടെ മുൻവശത്തെ കെട്ടിടത്തിലുള്ള സ്കാനിങ് കേന്ദ്രത്തിലേക്ക് ആംബുലൻസിൽ കൊണ്ടുവരികയായിരുന്നു. ഈ സമയം ആംബുലൻസിലുണ്ടായിരുന്ന അറ്റൻഡർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

പരിശോധിച്ച ഡോക്ടറോട് യുവതി വിവരം പറഞ്ഞതിനെത്തുടർന്ന് ഡോക്ടർ വണ്ടൂർ പോലീസിലും പിന്നീട് പെരിന്തൽമണ്ണ പോലീസിലും അറിയിച്ചതോടെയാണ് പ്രതിയെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്.

അതേസമയം അറസ്റ്റിലായ യുവാവ് ആശുപത്രിയിലെ ജീവനക്കാരനല്ലെന്നും സ്വകാര്യ ഏജൻസി വഴി താത്‌കാലിക അടിസ്ഥാനത്തിലാണ് ആശുപത്രിയിൽ ജോലിക്കെത്തിയിട്ടുള്ളതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

സംഭവംസംബന്ധിച്ച് യുവതി ആശുപത്രിയിൽ ഒരു പരാതിയും നൽകിയിട്ടില്ലെന്നും ആക്ഷേപം ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ യുവാവിനെ ജോലിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.