മലപ്പുറം:  കൊണ്ടോട്ടി കൊട്ടൂക്കരയില്‍ പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 15-കാരന്‍ കസ്റ്റഡിയില്‍. പെണ്‍കുട്ടിയുടെ നാട്ടുകാരന്‍ തന്നെയായ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് പോലീസിന്റെ പിടിയിലായത്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു. 

പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മീശയും താടിയും ഇല്ലാത്ത തടിച്ചയാളാണ് ആക്രമിച്ചതെന്ന്‌ പെണ്‍കുട്ടിയും മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം നടത്തുകയും 15-കാരനെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. 

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ 15-കാരന്റെ ശരീരത്തിലും മുറിവുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം തന്നെ നായ ഓടിച്ചെന്നും അപ്പോള്‍ നിലത്തുവീണാണ് മുറിവുണ്ടായതെന്നുമായിരുന്നു പ്രതി ആദ്യം മൊഴി നല്‍കിയത്. കഴിഞ്ഞദിവസം വീട്ടുകാരോടും ഇതേകാര്യം തന്നെയാണ് 15-കാരന്‍ പറഞ്ഞത്. എന്നാല്‍ പോലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. 

കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് കൊട്ടൂക്കര അങ്ങാടിക്ക് സമീപം കോളേജ് വിദ്യാര്‍ഥിനിയായ 21-കാരിക്ക് നേരേ ക്രൂരമായ ആക്രമണമുണ്ടായത്. വീട്ടില്‍നിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ അക്രമി കടന്നുപിടിക്കുകയും വലിച്ചിഴച്ച് സമീപത്തെ വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ മുഖത്ത് കല്ല് കൊണ്ടിടിച്ചു. ഷാള്‍ വലിച്ചുകീറുകയും കൈകള്‍ കെട്ടിയിടുകയും വായില്‍ തുണിതിരുകുകയും ചെയ്തു. തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി ഓടിരക്ഷപ്പെട്ട് സമീപത്തെ വീട്ടില്‍ അഭയം തേടുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  

Content Highlights: rape attempt against college student in kondotty 15 year old boy in police custody