ഇടുക്കി: രണ്ടു മാസം മുന്‍പ് കൃഷിയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ അടിമാലി ഇരുമ്പുപാലം കൊച്ചുവീട്ടില്‍ കുഞ്ഞന്‍പിള്ളയുടെ മകനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തു. ഇളയമകന്‍ കെ.കെ.മനു(28) വിനെയാണ് അടിമാലി സി.ഐ. പി.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നവംബര്‍ 29-ന് യുവതിയുടെ വീട്ടിലെത്തിയ മനു പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ജനുവരി 22-നാണ് ഇതുസംബന്ധിച്ചുള്ള പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടരന്വേഷണം നടക്കുന്നതിനിടെ ഇയാള്‍ ഒളിവില്‍പോയി. ഒളിവില്‍കഴിയുമ്പോള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും സമര്‍പ്പിച്ചു. ജാമ്യം ലഭിക്കുമെന്ന ഘട്ടം വന്നതോടെ നാട്ടില്‍ തിരിച്ചെത്തി. തുടര്‍ന്നാണ് മനുവിനൊപ്പം താമസിച്ചിരുന്ന പിതാവിനെ മേയ് 13-ന് വായ്ക്കലാംകണ്ടത്തെ കൃഷിയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുടുംബകലഹം നിലനിന്നിരുന്നതിനാല്‍ നാട്ടുകാരുടെയും അന്വേഷണസംഘത്തിന്റെയും സംശയം ആദ്യഘട്ടത്തില്‍ മനു ഉള്‍പ്പെടെയുള്ള ബന്ധുക്കളിലേക്ക് തിരിഞ്ഞിരുന്നു.
കഴിഞ്ഞ ആഴ്ചയില്‍ മനുവിന്റെ കേസുമായി ബന്ധമുള്ള മൂന്നുപേരെ കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്ത് ദേവികുളം സബ്ജയിലിലേക്ക് അയച്ചിരുന്നു. ഇതിനിടെ ഹൈക്കോടതി മനുവിന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
Content highlights: Crime news, Murder, Arrest