റാന്നി: മാനസിക വെല്ലുവിളിയുള്ളയാള്‍ ബന്ധുവായ വിദ്യാര്‍ഥിയുടെ കുത്തേറ്റ് മരിച്ചു. പമ്പാവാലി തുലാപ്പള്ളി സ്വദേശിയായ 45 വയസുകാരനാണ് മരിച്ചത്.

ആക്രമണം നടത്തിയ 17-കാരനായ വിദ്യാര്‍ഥിയെ പമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. തന്റെ അമ്മയെ ആക്രമിച്ചപ്പോള്‍ രക്ഷപ്പെടുത്തുന്നതിനായി കുത്തിയതെന്നാണ് വിദ്യാര്‍ഥിയുടെ മൊഴിയെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. മരിച്ചയാള്‍ വിദ്യാര്‍ഥിയുടെ കുടുംബത്തിനൊപ്പമായിരുന്നു താമസം.കോവിഡ് വ്യാപനം ഭയന്ന് ഇദ്ദേഹത്തെ വീട്ടില്‍നിന്ന് പുറത്തുപോകാന്‍ അനുവദിച്ചിരുന്നില്ല. ഇതേ ചൊല്ലി തര്‍ക്കമുണ്ടാകാറുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് പുറത്തേക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍ വിദ്യാര്‍ഥിയുടെ അമ്മ തടഞ്ഞു. ഇത് പിടിവലിയിലെത്തിയപ്പോള്‍ ഇദ്ദേഹം അവരുടെ കഴുത്തില്‍ പിടിച്ചു.

സമീപം ഈര്‍ക്കില്‍ ചീകിക്കൊണ്ട് നിന്നിരുന്ന വിദ്യാര്‍ഥി അമ്മയെ മോചിപ്പിക്കാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. തുടര്‍ന്ന് അമ്മയെ രക്ഷിക്കാന്‍ കൈയിലിരുന്ന കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്നാണ് മൊഴി നല്‍കിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.

മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും എത്തിച്ച ഇയാളെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മരിച്ചു.

പമ്പ ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥ്, എ.എസ്.ഐ.മാരായ അജയ് ജോസ്, അനൂപ്, സി.പി.ഒ. എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി അന്വേഷണം നടത്തി. ശാസ്ത്രീയപരിശോധനാവിഭാഗവും വിരലടയാളവിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിച്ചു.