രാമങ്കരി(ആലപ്പുഴ): ഹെഡ് ലൈറ്റിന്റെ പൊട്ടിയ ഭാഗവുമായി രാമങ്കരി പോലീസ് നടത്തിയ അന്വേഷണത്തില്‍ അപകടത്തിന് കാരണമായ അജ്ഞാതവാഹനം കണ്ടെത്തി. സംഭവത്തില്‍ ചങ്ങനാശ്ശേരി നാലുകോടി ഒറ്റതില്‍ വീട്ടില്‍ ജോര്‍ഡി ജോര്‍ജി (27)നെ അറസ്റ്റ് ചെയ്തു. കാര്‍ ഓടിച്ചത് പ്രതി സമ്മതിച്ചതായി രാമങ്കരി പോലീസ് പറഞ്ഞു.

18ന് രാത്രിയാണ് എ.സി. റോഡില്‍ വേഴപ്ര ടെറ്റാനിക്ക് പാലത്തിന് സമീപം ഇടുക്കി ഉപ്പുതറ ഇല്ലിക്കല്‍ വീട്ടില്‍ തോമസ് ആന്റണി (64) റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മരിച്ചത്. വേഴപ്രയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു. അപകടസ്ഥലത്തുനിന്ന് കാറിന്റെ ഹെഡ് ലൈറ്റിന്റെ ഭാഗം പോലീസിന് കിട്ടിയിരുന്നു. ഇതില്‍നിന്നാണ് അന്വേഷണം പുരോഗമിച്ചത്.

തുടര്‍ന്ന് ഫോര്‍ഡ് കമ്പനിയുടെ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലൈറ്റാണെന്ന് കണ്ടെത്തിയ പോലീസ് ഷോറൂമുകളും സ്പെയര്‍പാര്‍ട്സ് കടകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതിനൊപ്പം ചില വര്‍ക്ക് ഷോപ്പുകളിലും നടത്തിയ അന്വേഷണത്തിലാണ് തിരുവല്ലയിലെ ഒരു കടയില്‍നിന്ന് വാഹനം കണ്ടെത്തിയത്.

എറണാകുളത്തുനിന്ന് വരുന്നവഴിക്ക് മറ്റൊരു വണ്ടി തട്ടി ലൈറ്റ് പൊട്ടിയെന്നാണ് വര്‍ക്ക്ഷോപ്പ് ജീവനക്കാരോട് കാറുടമ പറഞ്ഞിരുന്നത്.

ആലപ്പുഴയില്‍നിന്ന് ചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്നു. പ്രതിക്കെതിരേ കേസെടുത്തശേഷം ജാമ്യത്തില്‍ വിട്ടു. അഡീഷണല്‍ എസ്.ഐ. സക്കീര്‍ ഹുസൈന്‍, ജോസഫ്, അഭിലാഷ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: ramangari police investigation to find 'strange vehicle' and driver