കോഴിക്കോട്: 2.33 കിലോ സ്വർണം. കടത്താനും കവർച്ച ചെയ്യാനുമെത്തിയത് മൂന്ന് സംഘങ്ങൾ. നടുറോഡിൽ ചെയ്സിംഗ്, അപകടം, അഞ്ചു മരണം. സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾ കഴിഞ്ഞ ദിവസം കോഴിക്കോട് രാമനാട്ടുകരയിൽ അരങ്ങേറിയിട്ട് രണ്ടാം ദിവസമായിട്ടും ആകെ കൺഫ്യൂഷനിലാണ് പോലീസ്. ആർക്ക് വേണ്ടി സ്വർണമെത്തിയെന്നോ ആര് അയച്ചതെന്നോ പോലീസിന് ഒരു വിവരവുമില്ല. മലപ്പുറം സ്വദേശി കൊണ്ടുവന്ന സ്വർണത്തിനായി കൊടുവള്ളി, കണ്ണൂർ, ചെർപ്പുളശ്ശേരി എന്നിവിടങ്ങളിൽ നിന്നാണ് സംഘാംഗങ്ങൾ എത്തിയത്. ഇവർ തമ്മിള്ള ബന്ധം കണ്ടെത്താനും പോലീസിനായിട്ടില്ല.

യഥാർഥത്തിൽ 2.33 കിലോ സ്വർണം മാത്രമാണോ എയർപോർട്ടിലെത്തിയതെന്ന സംശയം പോലീസിനുണ്ട്. സ്വർണം കൊണ്ടുപോവാനെത്തിയ കൊടുവള്ളിക്കാരെ പിന്തുടർന്നവരാണ് അപകടത്തിൽ പെട്ടതും മരിച്ചതും. ഇവരുടെ വണ്ടിയിൽ എങ്ങനെ വിദേശ ഈന്തപ്പഴവും പാൽപ്പൊടിയും എത്തിയതെന്നതിനെക്കുറിച്ചും വിവരമില്ല.

കരിപ്പൂർ വിമാനത്താവളം കള്ളക്കടത്തുകാരുടേയും ക്വട്ടേഷൻ സംഘങ്ങളുടേയും പ്രധാനകേന്ദ്രമായി മാറുന്നുവെന്നതിന്റെ കൃത്യമായ തെളിവാണ് കഴിഞ്ഞ ദിവസം നടന്ന ചെയ്സിങ്ങും അപകടവും. കള്ളക്കടത്തുകാർ എന്തും ചെയ്യാൻ മടിക്കില്ലെന്ന് വ്യക്തമായറിയാവുന്ന പോലീസ് പലപ്പോഴും വലിയ പരിശോധനയ്ക്കും മിനക്കെടാറില്ല.

കഴിഞ്ഞ സെപ്തംബറിലായിരുന്നു സ്വർണം കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് റോഡിൽ വാഹനം പരിശോധിക്കുന്നതിനിടെ കള്ളക്കടത്ത് സംഘങ്ങൾ ഡി.ആർ.ഐ ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിച്ചത്. ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതിനൊപ്പം കൊടുവള്ളി സ്വദേശി പിടിയിലാവുകയും സംഭവ സ്ഥലത്ത് നിന്ന് നാല് കിലോയോളം സ്വർണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം വലിയ പരിശോധനയ്ക്കോ മറ്റോ പോലീസും തയ്യാറാകുന്നില്ലെന്നതാണ് സത്യം. ഇത് കള്ളക്കടത്തുകാർക്ക് ഗുണമാവുന്നുണ്ട്. പലപ്പോഴും കസ്റ്റംസിൽ നിന്നുള്ള പിന്തുണയും കള്ളക്കടത്തുകാർക്ക് ലഭിക്കുന്നുണ്ട്.

ഏകദേശം 1.33 കോടി വിലമതിക്കുന്ന സ്വർണമായിരുന്നു കഴിഞ്ഞ ദിവസം കരിപ്പൂർ എയർ ഇന്റലിജൻസ് യൂണിറ്റ് പിടിച്ചെടുത്തത്. സംഭവത്തിൽ മലപ്പുറം മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ്(23)നെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ദുബായിൽ നിന്ന് തിങ്കളാഴ്ച 2.30 ന് ആണ് ഇയാൾ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയിരുന്നത്. ഈ സ്വർണം അന്വേഷിച്ചായിരുന്നു ക്വട്ടേഷൻ സംഘങ്ങൾ എത്തിയത് എന്നാണ് പോലീസ് പറയുന്നത്.