തിരുവനന്തപുരം: ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലെ നക്സൽ സ്വാധീന മേഖലകളിൽനിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന മലയാളികളെക്കുറിച്ചുള്ള വിവരങ്ങൾ മൈസൂരു പോലീസിന്റെ പിടിയിലായ രാജുഭായിൽനിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിൽ എക്സൈസ്. 502 കിലോ കഞ്ചാവ് കടത്തിയ കേസിൽ മൈസൂരു പോലീസ് അറസ്റ്റ് ചെയ്ത ഹൈരദാബാദ് സ്വദേശി രാജുഭായിയെ ഞായറാഴ്ച തിരുവനന്തപുരത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. എക്സൈസ് പിടികൂടിയ ലോറി ഇയാൾ തിരിച്ചറിഞ്ഞു. തന്റെ കൈയിൽനിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങുന്ന മലയാളികളെക്കുറിച്ചുള്ള വിവരങ്ങൾ ഇയാൾ മൈസൂരു പോലീസിന് കൈമാറിയിട്ടുണ്ട്.

രാജുഭായിയെ കസ്റ്റഡിയിൽ വാങ്ങാൻ എക്സൈസ് മൈസൂരു കോടതിയിൽ അപേക്ഷ നൽകും. 20-ൽ അധികം ലോറികളുള്ള രാജുഭായി അതിന്റെ മറവിലാണ് കഞ്ചാവ് കടത്തിയിരുന്നത്. നക്സലുകൾക്ക് പണം നൽകിയാണ് അവരുടെ സ്വാധീനമേഖലയിൽ കഞ്ചാവ് കൃഷിചെയ്യുന്നത്. ലോറികളുടെ കാബിനിൽ പ്രത്യേക അറകളുണ്ടാക്കിയാണ് കഞ്ചാവ് കടത്ത്. പഞ്ചാബിയായ ഇയാൾ ഏറെക്കാലമായി ഹൈദരാബാദിലാണ് താമസം.

കണ്ണൂർ സ്വദേശി ജിതിൻരാജും മുട്ടപ്പലം സ്വദേശി ജയചന്ദ്രൻനായരും ചേർന്ന് 502 കിലോ കഞ്ചാവാണ് രാജുഭായിയിൽനിന്ന് വാങ്ങിയത്. കഞ്ചാവുമായി വന്ന ലോറി സെപ്റ്റംബർ ആറിന് കോരാണിയിൽ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടുകയായിരുന്നു.

സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് കടത്തായിരുന്നു ഇത്. കഞ്ചാവിന്റെ വിലയായി 30 ലക്ഷം രൂപ രാജുഭായിക്ക് നൽകിയ ബാബുക്കയും അറസ്റ്റിലായിട്ടുണ്ട്. ഇവരെ എക്സൈസ് കസ്റ്റഡിയിൽ വാങ്ങും.

Content Highlights:rajubhai attaingal ganja case