അഹമ്മദാബാദ്: അശ്ലീലസിനിമകള്‍ക്കും വീഡിയോകള്‍ക്കും അടിമയായ ഭര്‍ത്താവ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് യുവതിയുടെ പരാതി. ഗുജറാത്തിലെ അഹമ്മദാബാദ് നവരംഗപുര സ്വദേശിയായ 45-കാരിയാണ് ഐ.ടി. കമ്പനി ഉടമയായ ഭര്‍ത്താവിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ 48-കാരനെതിരേ പോലീസ് കേസെടുത്തു. 

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതിക്കാരി. വിവാഹത്തിന് പിന്നാലെ ഭര്‍ത്താവില്‍നിന്ന് നിരന്തരം ദേഹോപദ്രവം ഏല്‍ക്കേണ്ടിവന്നെന്നാണ് യുവതിയുടെ ആരോപണം. നിസ്സാരകാര്യങ്ങള്‍ക്ക് പോലും പ്രശ്‌നങ്ങളുണ്ടാക്കി മര്‍ദിച്ചിരുന്നു. അശ്ലീലവീഡിയോകള്‍ക്ക് അടിമയായ ഭര്‍ത്താവ്, ഇതിന്റെ പ്രേരണയില്‍ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനും നിര്‍ബന്ധിച്ചു. താന്‍ എതിര്‍ത്തിട്ടും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നും നാല് മാസം മുമ്പ് തന്നെ ഉപേക്ഷിച്ചെന്നും യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നു. 

നേരത്തെ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ വേര്‍പിരിഞ്ഞ് താമസിച്ചിരുന്നു. എന്നാല്‍ ഓരോതവണയും വീട്ടുകാരും സുഹൃത്തുക്കളും ഭര്‍ത്താവുമായി രമ്യതയിലെത്താന്‍ തന്നെ നിര്‍ബന്ധിച്ചെന്നും പക്ഷേ, അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. വലിയ കമ്പനി ഉടമയായതിനാല്‍ പോലീസിനെ സ്വാധീനിക്കുമെന്ന് കരുതിയാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും യുവതി പോലീസിനോട് പറഞ്ഞു. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരേ പ്രകൃതിവിരുദ്ധ പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. 

Content Highlights: rajkot woman filed complaint against husband she alleges husband addicted to obscene videos