രാജ്കോട്ട്: വീട് വിട്ടിറങ്ങിയ ക്രിക്കറ്റ് താരത്തെയും മുന്‍ ഭാര്യയെയും അമിതമായി ലഹരി ഉപയോഗിച്ചനിലയില്‍ ഹോട്ടല്‍മുറിയില്‍ കണ്ടെത്തി. ഗുജറാത്തിലെ ക്രിക്കറ്റ് താരമായ ആകാശ് അംബാസന(24) മുന്‍ ഭാര്യയായ അമി ചോലേറ(22) എന്നിവരെയാണ് റേസ്‌കോഴ്സിലെ ശിവശക്തി ഹോട്ടലില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. അമിത അളവില്‍ സിന്തറ്റിക് ലഹരി ഉപയോഗിച്ചനിലയിലായിരുന്നു ഇരുവരുമെന്ന് പോലീസ് പറഞ്ഞു. ലഹരിമരുന്ന് വിതരണക്കാരനായ ഇര്‍ഫാന്‍ പാത്നി(43) എന്നയാളെയും ഇതേ ഹോട്ടലില്‍നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളില്‍നിന്ന് സിന്തറ്റിക് ലഹരിമരുന്ന് നിറച്ച മൂന്ന് സിറിഞ്ചുകള്‍ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. 

രാജ്കോട്ടിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ കളിച്ച താരമാണ് ആകാശ് അംബാസന. അടുത്തിടെയായി ഇയാള്‍ ലഹരിമരുന്നിന് അടിമയാവുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ഒരു കുറിപ്പ് എഴുതിവെച്ച് ആകാശ് രാജ്കോട്ടിലെ വീട് വിട്ടിറങ്ങിയത്. താന്‍ വീട് വിട്ട് പോവുകയാണെന്നും അമ്മയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനായില്ലെന്നും ക്ഷമിക്കണമെന്നും കുറിപ്പിലെഴുതിയിരുന്നു. ഇതോടെ ആകാശിന്റെ അമ്മ അല്ക പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നഗരത്തിലെ ഹോട്ടല്‍മുറിയില്‍നിന്ന് മുന്‍ഭാര്യയ്ക്കൊപ്പം ആകാശിനെ കണ്ടെത്തിയത്. 

കഴിഞ്ഞ ജൂണില്‍ തന്നെ മകന്റെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് അല്ക പോലീസിനെ വിവരമറിയിച്ചിരുന്നു. മകന് ലഹരിമരുന്ന് എത്തിച്ചുനല്‍കുന്ന വിതരണക്കാരുടെ പേരുകളും കൈമാറി. തുടര്‍ന്ന് പോലീസ് വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തുകയും ഒരു സ്ത്രീയെ പിടികൂടുകയും ചെയ്തു. ഇതിനുപിന്നാലെ ആകാശ് പിതാവിനൊപ്പം താമസിക്കാനായി ഡല്‍ഹിയിലേക്ക് പോയി. എന്നാല്‍ ഒക്ടോബര്‍ 12-ന് രാജ്കോട്ടില്‍ തിരിച്ചെത്തുകയും വ്യാഴാഴ്ച രാത്രിയോടെ വീട് വിട്ടിറങ്ങുകയുമായിരുന്നു. 

നഗരത്തിലെ ഹോട്ടലില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ആകാശിനെ മുന്‍ ഭാര്യയ്ക്കൊപ്പം കണ്ടെത്തിയത്. ഇവരും ലഹരിമരുന്നിന് അടിമയാണെന്നാണ് പോലീസ് പറയുന്നത്. ആകാശിനെ വിവാഹം ചെയ്തതിന് പിന്നാലെ യുവതിയും ലഹരിമരുന്ന് ഉപയോഗിച്ച് തുടങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്ന് ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങളുമുണ്ടായി. ഇരുവരും പിന്നീട് വേര്‍പിരിയുകയും ചെയ്തു. എന്നാല്‍ ഇവര്‍ തമ്മില്‍ ഇടയ്ക്കിടെ കാണുകയും ഒരുമിച്ച് ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്നും പോലീസ് പറഞ്ഞു. 

സംഭവത്തില്‍ മൂന്ന് പേരുടെയും രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മനോഹര്‍സിന്‍ഹ് ജഡേജ മാധ്യമങ്ങളോട് വ്യക്തമാക്കി. മുറിയില്‍നിന്ന് കണ്ടെടുത്ത സിറിഞ്ചുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കും അയച്ചു. ഇതിന്റെ ഫലം ലഭിക്കുന്ന മുറയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും കമ്മീഷണര്‍ അറിയിച്ചു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ലഹരിമരുന്ന് വിതരണക്കാരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തതായും വിവരങ്ങളുണ്ട്.

Content Highlights: rajkot cricketer and ex wife found from hotel room police says both are used drugs