തിരുവനന്തപുരം: ശ്രീകാര്യം കല്ലമ്പള്ളിയില്‍ ആര്‍.എസ്.എസ്. കാര്യവാഹ് രാജേഷ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് വ്യാഴാഴ്ച അപേക്ഷ നല്‍കും. അറസ്റ്റിലായ 12 പേരെയും അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടാകും കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുക. കസ്റ്റഡിയില്‍ വാങ്ങുന്ന പ്രതികളെ വിവിധയിടങ്ങളില്‍ തെളിവെടുപ്പിനു കൊണ്ടുപോകും. കേസുമായി ബന്ധപ്പെട്ട് ആദ്യം ഏഴ് പ്രതികളെയും പിന്നീട് അഞ്ചുപ്രതികളെയുമായിരുന്നു പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.murder

കഴിഞ്ഞദിവസം പോലീസ് ഹാജരാക്കിയ പ്രതികളില്‍ വിപിന്‍, സിബി, മോനി, രതീഷ് എന്നിവര്‍ കൊലപാതകത്തില്‍ നേരിട്ട് ഉള്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാളാണ് കാട്ടാക്കട കുറ്റിയാനിക്കാട് സ്വദേശി വിഷ്ണുമോഹന്‍. അഞ്ചാംപ്രതി വിപിനെതിരേ ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനില്‍ ഒരു ക്രിമിനല്‍ കേസും മംഗലപുരം പോലീസ് സ്റ്റേഷനില്‍ രണ്ട് ക്രിമിനല്‍ കേസുമുണ്ടെന്ന് പോലീസ് അറിയിച്ചു. ആറാം പ്രതി സിബിക്കെതിരേ ശ്രീകാര്യം പോലീസ് സ്റ്റേഷനിലും പതിനൊന്നാം പ്രതി രതീഷിനെതിരേ മംഗലപുരം പോലീസ് സ്റ്റേഷനിലും ക്രിമിനല്‍ കേസുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനുകുമാര്‍ പറഞ്ഞു. രാജേഷ് വധത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികള്‍ക്ക് മറ്റേതെങ്കിലും പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ടോയെന്നത് പോലീസ് പരിശോധിച്ചുവരുന്നു. ഈ കേസിലെ ഒന്നാം പ്രതി മണിക്കുട്ടനെതിരേ വിവിധ സ്റ്റേഷനുകളിലായി 23 കേസുകളാണുള്ളത്.

രാജേഷിന്റെ കൊലപാതകം നടന്ന സ്ഥലം, ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലം, ഓട്ടോറിക്ഷ ഉപേക്ഷിച്ച സ്ഥലം, പ്രതികള്‍ ഒളിവിലായിരുന്ന സ്ഥലം തുടങ്ങിയയിടങ്ങളില്‍ പോലീസ് പ്രതികളെ തെളിവെടുപ്പിനെത്തിക്കും. മറ്റുകാര്യങ്ങള്‍ കസ്റ്റഡിയില്‍ ലഭിച്ചതിനുശേഷം തീരുമാനിക്കും. കനത്ത സുരക്ഷയിലായിരിക്കും ഇവരെ തെളിവെടുപ്പിനെത്തിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതികളെ വീണ്ടും ചോദ്യം ചെയ്യും.

ബി.ജെ.പി. പ്രവര്‍ത്തകനും ആര്‍.എസ്.എസ്. കല്ലംപള്ളി ശാഖാ കാര്യവാഹകുമായ രാജേഷിനെ രാഷ്ട്രീയമായും മറ്റുമുള്ള കാരണങ്ങള്‍കൊണ്ടാണ് പ്രതികള്‍ ആക്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ജൂലായ് 29ന് രാത്രി എട്ടേമുക്കാലോടെ ശ്രീകാര്യം കരുമ്പുക്കോണത്തുവച്ചാണ് രാജേഷിന് വെട്ടേറ്റത്. പത്തേമുക്കാലോടെ സ്വകാര്യ ആശുപത്രിയില്‍ മരിക്കുകയും ചെയ്തു. സംഭവത്തിനുശേഷം കാട്ടാക്കട പന്നിയോട് ഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതികള്‍ അവിടെ ഒരു വീട്ടില്‍ ഒളിച്ചുകഴിയുന്നതിനിടെ ഷാഡോ പോലീസ് ഉള്‍പ്പെട്ട സംഘം പ്രതികളില്‍ ഭൂരിഭാഗത്തെയും പിടികൂടുകയായിരുന്നു. മറ്റുള്ളവരെ അടുത്ത ദിവസവും പിടികൂടി.

കേസിലെ 12ാം പ്രതി വിഷ്ണുമോഹനുവേണ്ടി ജാമ്യഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. പോലീസ് റിപ്പോര്‍ട്ടിനായി ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി മാറ്റിവച്ചിട്ടുണ്ട്. നഗരത്തില്‍ കൂട്ടംകൂടുന്നതിനും പ്രകടനം നടത്തുന്നതിനും ഉണ്ടായിരുന്ന നിരോധനം പിന്‍വലിച്ചിട്ടുണ്ട്.