ജയ്പുർ: രാജസ്ഥാനിൽ യുവതിയെ ഭർത്താവിന്റെ മുന്നിൽവെച്ച് മുൻഭർത്താവിന്റെ സഹോദരൻ ബലാത്സംഗം ചെയ്തു. ബാരൻ ജില്ലയിലെ ചജാവാർ ഗ്രാമത്തിലാണ് സംഭവം. കേസിൽ യുവതിയുടെ മുൻഭർത്താവിന്റെ സഹോദരൻ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രി ഭർത്താവിനും കുഞ്ഞിനും സഹോദരിക്കുമൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമം നടന്നത്. യുവതിയുടെ മുൻഭർത്താവിന്റെ സഹോദരനും ഇയാളുടെ സുഹൃത്തുക്കളും കുടുംബത്തെ വഴിയിൽ തടയുകയായിരുന്നു. പിന്നാലെ സമീപത്തെ വയലിലേക്ക് ഇവരെ വലിച്ചിഴച്ചു കൊണ്ടുപോയി. യുവതിയുടെ ഭർത്താവിനെ മർദിച്ചവശനാക്കി കൈയും കാലും കെട്ടിയിട്ടു. ഇതിനുശേഷമാണ് ഭർത്താവിന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്തത്.

യുവതിയുടെ മുൻഭർത്താവിന്റെ സഹോദരൻ ഉൾപ്പെടെ അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. യുവതിയും കുഞ്ഞും സഹോദരിയും റോഡിലേക്കെത്തി യാത്രക്കാരോട് സഹായം അഭ്യർഥിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടർന്ന് പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തി മൂന്ന് പ്രതികളെ പിടികൂടുകയുമായിരുന്നു.

സംഭവത്തിൽ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. യുവതിയുടെ വൈദ്യപരിശോധന പൂർത്തിയാക്കി മജിസ്ട്രേറ്റിന് മുന്നിൽവെച്ച് മൊഴി രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പിടികൂടാനുള്ള പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു.

കുട്ടികളുണ്ടാവത്തതിനാലാണ് യുവതി ആദ്യ ഭർത്താവുമായുള്ള ബന്ധം വേർപിരിഞ്ഞത്. പിന്നീട് നാഥ പ്രഥ എന്ന ആചാരപ്രകാരം മറ്റൊരാളെ വിവാഹം കഴിച്ചു. വിവാഹചടങ്ങുകൾ നടത്താതെ വൈവാഹികജീവിതം അനുവദിക്കുന്ന പ്രാദേശികമായ സമ്പ്രദായമാണിത്. നേരത്തെ യുവതിയും മുൻഭർത്താവും തമ്മിൽ മറ്റുചില പ്രശ്നങ്ങളും നിലനിന്നിരുന്നു. ഇരുവരും പരസ്പരം പോലീസിൽ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തിരുന്നു.

Content Highlights:rajasthan woman raped by ex husbands brother