ജയ്പുര്‍: രാജസ്ഥാനില്‍ പോക്‌സോ നിയമപ്രകാരം വനിതാ കോണ്‍സ്റ്റബിള്‍ റിമാന്‍ഡിലായത് ജന്മദിനാഘോഷത്തിനിടെ ചിത്രീകരിച്ച വീഡിയോ കാരണം. പോലീസിലെ സര്‍ക്കിള്‍ ഓഫീസര്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോയാണ് കോണ്‍സ്റ്റബിള്‍ വാട്‌സാപ്പ് സ്റ്റാറ്റസായി പങ്കുവെച്ചത്. ഇത് ഭര്‍ത്താവും ബന്ധുക്കളും കണ്ടതോടെയാണ് കേസിലേക്കും അറസ്റ്റിലേക്കും നയിച്ചത്. 

അജ്മീറിലെ ഭീവാര്‍ സര്‍ക്കിള്‍ ഓഫീസറായ ഹീരാലാല്‍ സൈനിയും ജയ്പുര്‍ പോലീസ് കമ്മീഷണറേറ്റിലെ വനിതാ കോണ്‍സ്റ്റബിളുമാണ് പോക്‌സോ കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായത്. ജന്മദിനാഘോഷത്തിനിടെ കോണ്‍സ്റ്റബിളിന്റെ ആറുവയസ്സുള്ള മകന്റെ മുന്നില്‍വെച്ച് ഇരുവരും ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മുന്നില്‍വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതാണ് പോക്‌സോ ചുമത്താന്‍ കാരണം. 

ജൂലായ് 10-നാണ് കോണ്‍സ്റ്റബിള്‍ വിവാദ വീഡിയോ സ്വന്തം ഫോണില്‍ ചിത്രീകരിച്ചത്. കോണ്‍സ്റ്റബിളിന്റെ ജന്മദിനാഘോഷത്തിനായാണ് ഇരുവരും പുഷ്‌കറിലെ ആഡംബര റിസോര്‍ട്ടില്‍ മുറിയെടുത്തത്. ഇവിടെ മുറിയോട് ചേര്‍ന്നുള്ള സ്വിമ്മിങ് പൂളില്‍വെച്ചാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. ഇതിന്റെ വീഡിയോയാണ് കോണ്‍സ്റ്റബിള്‍ മൊബൈലില്‍ പകര്‍ത്തിയത്. അര്‍ധനഗ്നരായ ഇരുവരും ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ആറുവയസ്സുള്ള കുട്ടിയും സമീപത്തുണ്ടായിരുന്നു. 

ഫോണില്‍ ചിത്രീകരിച്ച വീഡിയോ ക്ലിപ്പുകള്‍ മറ്റൊരു ഫോള്‍ഡറിലേക്ക് മാറ്റുന്നതിനിടെയാണ് വനിതാ കോണ്‍സ്റ്റബിളിന് അബദ്ധം സംഭവിച്ചത്. ഫോള്‍ഡറിലേക്ക് മാറ്റുന്നതിനിടെ ഈ ക്ലിപ്പുകള്‍ അബദ്ധത്തില്‍ വാട്‌സാപ്പ് സ്റ്റാറ്റസാവുകയായിരുന്നു. ഇത് കണ്ടതോടെ ഭര്‍ത്താവ് കോണ്‍സ്റ്റബിളിനെതിരേ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പക്ഷേ, കേസെടുക്കാന്‍ പോലീസ് തുടക്കത്തില്‍ വിമുഖത കാണിച്ചു. ഇതിനിടെ വീഡിയോ സാമൂഹികമാധ്യമങ്ങളിലും വൈറലായിരുന്നു. 

സംഭവത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പേ വകുപ്പുതല അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കിള്‍ ഓഫീസറെയും കോണ്‍സ്റ്റബിളിനെയും സസ്‌പെന്‍ഡ് ചെയ്തു. കോണ്‍സ്റ്റബിളിന്റെ ഭര്‍ത്താവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതിന് രണ്ട് എസ്.എച്ച്.ഒ.മാരെയും സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 

അതിനിടെ, ജൂലായ് അവസാനവാരം വിവാദ വീഡിയോ സംബന്ധിച്ച് വനിതാ കോണ്‍സ്റ്റബിളും പോലീസില്‍ പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തന്റെ അശ്ലീലവീഡിയോ ഉണ്ടെന്ന് പറഞ്ഞ് അജ്ഞാതന്‍ ഫോണില്‍വിളിച്ചെന്നും പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമായിരുന്നു കോണ്‍സ്റ്റബിളിന്റെ പരാതി. 

Content Highlights: rajasthan woman constable and circle officer swimming pool viral video and pocso case