ജയ്പുർ: രാജസ്ഥാനിലെ ആൽവാറിൽ വൈൻ ഷോപ്പിലെ ഫ്രീസറിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ഇതേ വൈൻ ഷോപ്പിലെ ജീവനക്കാരനായ കമാൽ കിഷോറി(23)നെയാണ് മരിച്ചനിലയിൽ കണ്ടത്. സംഭവം കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഞായറാഴ്ചഉച്ചയോടെയാണ് വൈൻ ഷോപ്പിന് പിറകിൽ സൂക്ഷിച്ചിരുന്ന വലിയ പെട്ടിയ്ക്ക് തീപിടിച്ചത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് തീ അണച്ചപ്പോഴാണ് പെട്ടിക്കുള്ളിലെ ഫ്രീസറിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്.

യുവാവിനെ വൈൻ ഷോപ്പ് ഉടമകൾ തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.ശനിയാഴ്ച വൈകിട്ട് ഉടമകൾ വീട്ടിലെത്തിയാണ് കിഷോറിനെ വിളിച്ചുകൊണ്ടുപോയതെന്നും പിന്നീട് തിരിച്ചുവന്നില്ലെന്നും കുടുംബം പറഞ്ഞു. അതേസമയം, സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നായിരുന്നു പോലീസിന്റെ പ്രതികരണം.

പ്രാഥമിക അന്വേഷണത്തിൽ കൊലപാതകത്തിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഫ്രീസറിന് വൈദ്യുതി കണക്ഷനില്ലായിരുന്നു. അതിനാൽ എങ്ങനെയാണ് തീപിടിച്ചതെന്നാണ് നിലവിൽ അന്വേഷിക്കുന്നതെന്നും പോലീസ് സൂപ്രണ്ട് രാംമൂർത്തി ജോഷി പറഞ്ഞു. രാകേഷ് യാദവ്, സുഭാഷ് ചന്ദ് എന്നിവരാണ് വൈൻ ഷോപ്പിന്റെ ഉടമകൾ. ഇതിലൊരാൾ കുറച്ചുദിവസങ്ങളിലായി ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലാണെന്നും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights:rajasthan wine shops employee charred body found in freezer