ഭരത്പുര്‍: പതിന്നാലുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചെന്ന കേസില്‍ രാജസ്ഥാന്‍ മുന്‍ ജഡ്ജി അറസ്റ്റില്‍. അഴിമതിക്കേസുകള്‍ കൈകാര്യംചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി ജിതേന്ദ്ര സിങ്ങിനെയാണ് ഭരത്പുര്‍ പോലീസ് അറസ്റ്റുചെയ്തത്.

ജഡ്ജിയുടെ പേരില്‍ ഒക്ടോബര്‍ 31-നാണ് കേസ് രജിസ്റ്റര്‍ചെയ്തത്. തുടര്‍ന്ന്, അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജഡ്ജിയുടെ സ്റ്റെനോഗ്രാഫര്‍ അന്‍ഷുല്‍ സോണി, മറ്റൊരു ജീവനക്കാരന്‍ രാഹുല്‍ കത്താര എന്നിവരാണ് മറ്റുപ്രതികള്‍.

ചോദ്യംചെയ്യലും അറസ്റ്റും സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണെന്ന് എസ്.പി. ദേവേന്ദ്ര കുമാര്‍ പറഞ്ഞു. ജഡ്ജിയും മറ്റു രണ്ടുപേരും ചേര്‍ന്ന് ഒരുമാസമായി മകനെ മയക്കുമരുന്നുനല്‍കി പീഡിപ്പിക്കുകയായിരുന്നെന്നും സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. ടെന്നീസ് കളിക്കാന്‍പോയിരുന്ന സ്ഥലത്തുവെച്ചാണ് ജഡ്ജി കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്.