മുംബൈ:  നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്രക്കെതിരേ രാജ് കുന്ദ്രയും ശില്‍പ ഷെട്ടിയും 50 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്തു. തങ്ങള്‍ക്കെതിരേ ഷെര്‍ലിന്‍ ചോപ്ര ഉന്നയിച്ച പരാതിയും ആരോപണങ്ങളും വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ് കുന്ദ്രയുടെയും ശില്‍പ ഷെട്ടിയുടെയും അഭിഭാഷകര്‍ കേസ് ഫയല്‍ ചെയ്തത്. ഇതുസംബന്ധിച്ച് ഷെര്‍ലിന്‍ ചോപ്രയ്ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട് 

ഒരാഴ്ച മുമ്പാണ് ഷെര്‍ലിന്‍ ചോപ്ര രാജ് കുന്ദ്രയ്ക്കും ഭാര്യ ശില്‍പ ഷെട്ടിക്കും എതിരേ മുംബൈ പോലീസില്‍ പരാതി നല്‍കിയത്. വ്യവസായിയും നീലച്ചിത്ര നിര്‍മാണ കേസിലെ പ്രതിയുമായ രാജ് കുന്ദ്രയും ഭാര്യ ശില്‍പ ഷെട്ടിയും തന്നെ പീഡിപ്പിച്ചെന്നും തട്ടിപ്പിനിരയാക്കിയെന്നുമായിരുന്നു ഷെര്‍ലിന്റെ ആരോപണം. രാജ് കുന്ദ്ര ലൈംഗികമായി പീഡിപ്പിച്ചെന്നും ശില്‍പ ഷെട്ടി മാനസിക പീഡനത്തിനിരയാക്കിയെന്നും പരാതിയില്‍ വിശദീകരിച്ചിരുന്നു. 

എന്നാല്‍, ഷെര്‍ലിന്‍ ചോപ്രയുടെ പരാതി കെട്ടിച്ചമച്ചതാണെന്നും ആരോപണങ്ങള്‍ വ്യാജമാണെന്നും രാജ്കുന്ദ്രയുടെയും ശില്‍പ ഷെട്ടിയുടെയും അഭിഭാഷകര്‍ വ്യക്തമാക്കി. യാതൊരു തെളിവുകളുമില്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചത് പണം തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടാണെന്നും ഇവരുടെ പ്രസ്താവനയില്‍ പറയുന്നു. അതിനാല്‍ ഷെര്‍ലിന്‍ ചോപ്ര മാപ്പ് പറയണമെന്നും രാജ്കുന്ദ്രയ്ക്കും ശില്‍പ ഷെട്ടിക്കും പൊതുസമൂഹത്തിലുണ്ടായ മാനനഷ്ടത്തിന് 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം. 

നേരത്തെ വിവാദമായ നീലച്ചിത്ര നിര്‍മാണ കേസില്‍ പോലീസ് സംഘം ഷെര്‍ലിന്‍ ചോപ്രയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. രാജ് കുന്ദ്രയും അദ്ദേഹത്തിന്റെ ജീവനക്കാരനും 'ഹോട്ട്‌ഷോട്ട്‌സ്' എന്ന ആപ്പിന് വേണ്ടി അഭിനയിക്കാന്‍ തന്നെ നിരന്തരം നിര്‍ബന്ധിച്ചെന്നും സമ്മര്‍ദം ചെലുത്തിയെന്നുമായിരുന്നു ഷെര്‍ലിന്റെ മൊഴി. കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലും ഷെര്‍ലിന്‍ ചോപ്രയുടെ വിശദമായ മൊഴി ഉള്‍പ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് രാജ്കുന്ദ്രയ്ക്കും ശില്‍പ ഷെട്ടിക്കും എതിരേ നടി പോലീസില്‍ പരാതി നല്‍കിയത്. 

Content Highlights: raj kundra and shilpa shetty filed defamation case against sherlyn chopra