കോഴിക്കോട്: തമിഴ്നാട്ടിൽ റെയിൽപാളം മുറിച്ചെടുത്ത് കടത്തിയ ശേഷം കേരളത്തിലേക്ക് രക്ഷപ്പെട്ട് കോഴിക്കോട് ജില്ലയിൽ ഒളിവിൽ കഴിഞ്ഞയാളെ പോലീസ് പിടികൂടി. നെയ്‌വേലി സേതുതാംകൊപ്പം രാമചന്ദ്രനെ(60)യാണ് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. വ്യാജ മേൽവിലാസവും പേരും ഉപയോഗിച്ച് കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

2004-ൽ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ഡിവിഷനിൽ നിന്നും റെയിൽപാളം മുറിച്ച് മോഷണം നടത്തിയ 16 പ്രതികളെയും വില്ലുപുരം ആർ.പി.എഫ് പിടികൂടിയിരുന്നു. എന്നാൽ കേസിന്റെ വിചാരണ വേളയിൽ പ്രതികളിലൊരാളായ രാമചന്ദ്രൻ കോഴിക്കോട്ടേക്ക് മുങ്ങി.

കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ആർ.പി.എഫ് ഉദ്യോഗസ്ഥർ കോഴിക്കോട് എത്തുകയും ക്രൈം സ്ക്വാഡ് അംഗങ്ങളെ സമീപിക്കുകയുമായിരുന്നു. തുടർന്ന് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ കെ.അഷ്റഫിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഇയാളുടെ വർഷങ്ങൾക്ക് മുമ്പുള്ള ഒരു ഫോട്ടോ മാത്രമായിരുന്നു പോലീസിന്റെ കൈയിലുണ്ടായിരുന്നത്.

കോഴിക്കോട് നഗരത്തിലെ തമിഴ്നാട് സ്വദേശികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പോലീസ് നേരിട്ടും അല്ലാതെയും പരിശോധനകൾ നടത്തുകയും രാമചന്ദ്രൻ എന്ന പേരിൽ ഒരാൾ താമസിക്കുന്നില്ലെന്നും അറിഞ്ഞു. പിന്നീട് ഫോട്ടോയിൽ സാമ്യമുള്ള ഒരാൾ ഷാദുലി എന്ന പേരിൽ കോഴിക്കോട് സിറ്റിയിൽ വിവിധ ജോലികൾ ചെയ്ത് മുസ്ലിംപള്ളിയിൽ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ച ക്രൈം സ്ക്വാഡ് പള്ളികൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പിന്നീട് നഗരത്തിലെ ഒരു പള്ളിയുടെ സമീപത്ത് നിന്ന് ഇയാളെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. പിടിക്കപ്പെടുമെന്ന ഭയത്താൽ ഇയാൾ തമിഴ്നാട്ടിലെ കുടുംബത്തെ പോലും ഉപേക്ഷിച്ചാണ് കേരളത്തിൽ കഴിഞ്ഞുവന്നതെന്ന് പോലീസ് പറഞ്ഞു.

കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, എം.ഷാലു, ഹാദിൽ കുന്നുമ്മൽ,ഷാഫി പറമ്പത്ത്,എ.പ്രശാന്ത് കുമാർ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,എ വി സുമേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Content Highlights:railwayline theft case accused arrested from kozhikode