പുണെ: നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന 'ഹെയര്‍ ട്രാന്‍സ്പ്ലാന്റ്' ക്ലിനിക്ക് പോലീസ് പൂട്ടിച്ചു. പുണെ സ്‌കൈ മാക്‌സ് ഷോപ്പിങ് മാളില്‍ പ്രവര്‍ത്തിച്ചിരുന്ന 'ഹെയര്‍ മാജിക്ക് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് സ്റ്റുഡിയോ'യിലാണ് പോലീസ് പരിശോധന നടത്തിയത്. ഇവിടെ ഡോക്ടറാണെന്ന വ്യാജേന ചികിത്സ നടത്തിയ ആളെയും ഇയാളുടെ രണ്ട് സഹായികളെയും അറസ്റ്റ് ചെയ്തിട്ടുമുണ്ട്. 

ഹെയര്‍ ട്രാന്‍സ്പ്ലാന്റില്‍ വിദഗ്ധനായ ഡോക്ടറാണെന്ന് അവകാശപ്പെട്ട ഷാരൂഖ് ഷായെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇയാള്‍ പുണെയില്‍ ക്ലിനിക്ക് നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. നഴ്‌സുമാരാണെന്ന വ്യാജേന രണ്ട് യുവതികളും ഇവിടെ ജോലിചെയ്തിരുന്നു. എന്നാല്‍ ഇരുവര്‍ക്കും പത്താംക്ലാസ് യോഗ്യത മാത്രമാണുണ്ടായിരുന്നത്. ക്ലിനിക്കില്‍നിന്ന് ചില മരുന്നുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

ഷോപ്പിങ് മാളില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിനെ സംബന്ധിച്ച് വിമാന്‍ നഗര്‍ പോലീസ് സ്‌റ്റേഷനിലെ ഒരു കോണ്‍സ്റ്റബിളിനാണ് ആദ്യം വിവരം ലഭിച്ചത്. ക്ലിനിക്ക് അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവിടെ ചികിത്സ നടത്തുന്നത് വ്യാജ ഡോക്ടറാണെന്നുമായിരുന്നു വിവരം. പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ സത്യമാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ക്ലിനിക്കില്‍ പരിശോധന നടത്തി ഷാരൂഖ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച്, പുണെ മുനിസിപ്പല്‍ ഹെല്‍ത്ത് ഓഫീസര്‍, ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലിനിക്കില്‍ റെയ്ഡ് നടത്തിയത്. 

ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചികിത്സ നടത്തി നിരവധി പേരില്‍നിന്നായി ലക്ഷങ്ങളാണ് ഷാരൂഖ് സ്വന്തമാക്കിയിട്ടുള്ളതെന്നാണ് പോലീസ് പറയുന്നത്. ഒരാളില്‍നിന്ന് 30,000 രൂപ വരെയാണ് ഇയാള്‍ ഈടാക്കിയിരുന്നത്. ഡോക്ടറാണെന്ന് അവകാശപ്പെട്ട് ചികിത്സ നടത്തിയിരുന്ന പ്രതിക്ക് മെഡിക്കല്‍ ബിരുദമില്ലെന്നും ഇയാള്‍ ബി.എസ്.സി. ബിരുദധാരിയാണെന്നും പോലീസ് പറഞ്ഞു. 

Content Highlights: raid in pune hair transplant clinic fake doctor and nurses arrested