നെന്മാറ: അയിലൂർ കാരക്കാട്ടുപറമ്പിലെ വീട്ടിലെ ഒറ്റമുറിയിൽ യുവതി കഴിഞ്ഞ സംഭവത്തിൽ ചൊവ്വാഴ്ച റിപ്പോർട്ട് നൽകുമെന്ന് നെന്മാറ പോലീസ് പറഞ്ഞു. വനിത കമ്മിഷൻ ആവശ്യപ്പെട്ടതനുസരിച്ചാണ് നെന്മാറ പോലീസ് റിപ്പോർട്ട് നൽകുന്നത്.

സംഭവത്തിൽ നെന്മാറ പോലീസ് റഹ്‌മാന്റെയും സജിതയുടെയും ഇരുവരുടെയും മാതാപിതാക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തി. പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയുടെ വിവരങ്ങൾകൂടി ചേർത്താണ് കമ്മിഷന് റിപ്പോർട്ട് നൽകുന്നത്.

Read Also:അവൻ തമിഴ്നാട്ടിൽ പോയപ്പോൾ ആര് ഭക്ഷണം നൽകി? റഹ്മാന്റെ കഥയിൽ കഴമ്പില്ലെന്ന് പിതാവ്....

റഹ്‌മാന്റെയും സജിതയുടെയും മൊഴിയിൽ അവിശ്വസനീയമായ കാര്യങ്ങളില്ലെന്നാണ് ആദ്യം പോലീസ് പറഞ്ഞിരുന്നത്. സംഭവത്തിൽ ദുരൂഹത നീക്കാനും മനുഷ്യാവകാശലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാനുമാണ് വനിത കമ്മിഷൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. വനിത കമ്മിഷൻ തിങ്കളാഴ്ച നടത്താനിരുന്ന സന്ദർശനം ചൊവ്വാഴ്ചത്തേക്ക് മാറ്റി.

കമ്മിഷൻ അംഗങ്ങളുടെ സൗകര്യം പരിഗണിച്ചാണ് സന്ദർശനം അടുത്ത ദിവസത്തേക്ക് മാറ്റിയത്. ഒറ്റമുറിയിൽ കഴിഞ്ഞുവെന്നത് അവിശ്വസനീയമാണെന്നും കടുത്ത മനുഷ്യാവകാശലംഘനമാണ് ഉണ്ടായിട്ടുള്ളതെന്നുമുള്ള കമ്മിഷന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈന്റെ നേതൃത്വത്തിൽ മൊഴിയെടുക്കുന്നതിനായി എത്തുന്നത്.

വീട്ടുപകരണങ്ങൾ നൽകി

വാടകവീട്ടിൽ കഴിയുന്ന റഹ്‌മാനും സജിതയ്ക്കും സഹായവുമായി മഹിള അസോസിയേഷൻ ഭാരവാഹികളെത്തി. കൊല്ലങ്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാൻ, കസേര തുടങ്ങിയ വീട്ടുപകരണങ്ങളാണ് നൽകിയത്. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. ബിനുമോൾ, ഏരിയ സെക്രട്ടറി പി.എസ്. പ്രമീള, നെന്മാറ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, അസോസിയേഷൻ ഭാരവാഹികളായ ബേബി സുധ, എൽ. സായ് രാധ, ശ്രീജ രാജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വീട്ടുപകരണങ്ങൾ കൈമാറിയത്.

Content Highlights:rahman sajitha story police will be submit the report on tuesday