കൊച്ചി: മഹാരാജാസ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിയെ എസ്.എഫ്.ഐ. പ്രവർത്തകർ റാഗ് ചെയ്തതായി പരാതി. ഹോസ്റ്റൽ മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയും വിവസ്ത്രനാക്കി ഫോട്ടോ എടുത്തുവെന്നുമാണ് പരാതി. ഒന്നാം വർഷ മലയാള വിഭാഗം വിദ്യാർത്ഥിയും മലപ്പുറം സ്വദേശിയുമായ റോബിനാണ് റാഗിങ്ങിന് ഇരയായത്.

വെള്ളിയാഴ്ച വൈകുന്നേരം 8 മണി മുതൽ ശനിയാഴ്ച രാവിലെ 11 മണിവരെ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയടക്കമുള്ളവരുടെ സംഘം റോബിനെ ഹോസ്റ്റൽ മുറിയിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് മർദിക്കുകയും വിവസ്ത്രനാക്കി ഫോട്ടോ എടുത്തതായും റോബിൻ ആരോപിക്കുന്നു.

ഇരുമ്പ് വടി കൊണ്ട് കാൽ മുട്ടിലടക്കം മർദിച്ചിട്ടുണ്ട്. ഭക്ഷണം നൽകുകയോ രാത്രിയിൽ ഉറങ്ങാൻ സമ്മതിക്കുകയോ ചെയ്തില്ല. പോലീസിൽ പരാതി നൽകിയാൽ വേറെ കേസിൽ കുടുക്കുമെന്ന് പറഞ്ഞതായും റോബിന്റെ സുഹൃത്ത് മാതൃഭൂമി ഡോട്ട് കോമിനോട് വെളിപ്പെടുത്തി.

എസ്.എഫ്.ഐയുടെ പിരിവിന് ഇറങ്ങാൻ നിർബന്ധിച്ചപ്പോൾ അതിനു തയ്യാറാകാത്തതിനെ തുടർന്നാണ് മർദനമെന്നാണ് ആരോപണം. എസ്.എഫ്.ഐ. പ്രവർത്തകരല്ലാത്ത കോളേജിന് പുറത്തുനിന്നുള്ളവരും അക്രമിസംഘത്തിലുണ്ടായിരുന്നതായും ആരോപണമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Content Highlights: ragging complaint against sfi workers in maharajas college first year student brutally attacked