കായംകുളം: സ്കൂളിന് മുന്നിൽ പ്ലസ് വൺ വിദ്യാർഥിക്ക് മർദനമേറ്റ സംഭവത്തിൽ ദിവസങ്ങൾക്കുശേഷം പോലീസ് കേസെടുത്തു. മർദന രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. പുല്ലുകുളങ്ങര എൻ.ആർ.പി.എം. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യർഥിക്കാണ് മർദനമേറ്റത്. സ്കൂൾ വിട്ട് പുറത്തിറങ്ങിയ വിദ്യാർഥിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മർദിച്ചത്. പണം ആവശ്യപ്പെടുകയും നൽകാത്തതിനാണ് മർദിച്ചതെന്നും വിദ്യാർഥി പോലീസിനോട് പറഞ്ഞു. പരിക്കേറ്റ വിദ്യാർഥി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
രക്ഷിതാക്കൾ കായംകുളം പോലീസിൽ പരാതി നൽകിയെങ്കിലും സംഭവം ഗൗരവമായെടുക്കാൻ ആദ്യം പോലീസ് തയ്യാറായില്ല. മർദനത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സ്കൂളിലെ പൂർവ വിദ്യാർഥികളാണ് മർദിച്ചതെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ചൈൽഡ് ലൈൻ പ്രവർത്തകരും നടപടി ആവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്.
Content HIghlights: ragging