ഓച്ചിറ(കൊല്ലം): യുവാവിനെ റോഡില്‍ വിളിച്ചിറക്കി വെട്ടിയും അടിച്ചും കൊല്ലാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ എട്ടുപേരെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. തഴവ കടത്തൂര്‍ ചെറുതിട്ട കിഴക്കതില്‍ വിഷ്ണുകുമാര്‍ (പനായി-24), വടക്കന്‍ മൈനാഗപ്പള്ളി കുറുങ്ങാട്ട് കിഴക്കതില്‍ ഷാനു (23), തഴവ അനില്‍ ഭവനത്തില്‍ അനുരാജ് (20), വടക്കന്‍ മൈനാഗപ്പള്ളി പ്ലാവിള വടക്കതില്‍ അനന്തു (19), തഴവ തെക്കുംമുറി കിഴക്ക് ബിജു ഭവനത്തില്‍ ഹരികൃഷ്ണന്‍ (22), തഴവ അനന്തു ഭവനത്തില്‍ അനന്തു (22), തഴവ ബി.കെ.ഭവനത്തില്‍ പ്രദീപ് (28), തഴവ തെക്കുംമുറി പടിഞ്ഞാറ് വെള്ളാപ്പള്ളി കിഴക്കതില്‍ കണ്ണന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ 19-ന് വൈകീട്ട് 5.30-ന് തഴവ കുതിരപ്പന്തി പോളശ്ശേരില്‍ രാജേഷിനെ(40)യാണ് ക്വട്ടേഷന്‍ സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രാജേഷ് കെട്ടിടനിര്‍മാണപ്പണി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ബൈക്കിലെത്തിയ സംഘം റോഡില്‍ വിളിച്ചിറക്കി വെട്ടിയും ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
പോലീസ് പറയുന്നത്: രാജേഷിന്റെ ഭാര്യയുടെ ആദ്യ ഭര്‍ത്താവ് പാവുമ്പ തെക്ക് കുറ്റിയില്‍ കിഴക്കതില്‍ പ്രവാസിയായ മണിക്കുട്ടനാ(40)ണ് രാജേഷിനെ അപായപ്പെടുത്താന്‍ ഒരുലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തിയത്. മണിക്കുട്ടന്റെ ഭാര്യയെ രാജേഷ് തട്ടിക്കൊണ്ടുപോയതിനുള്ള പ്രതികാരമാണ് ക്വട്ടേഷന്‍ നല്‍കുന്നതിലേക്ക് നയിച്ചത്. മുമ്പ് നാലുതവണ രാജേഷിന്റെ വീടിനുനേരേ ആക്രമണമുണ്ടായി. പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെപ്പറ്റി സൂചന ലഭിച്ചിരുന്നില്ല. ഇപ്പോള്‍ പകല്‍ സമയത്ത് യുവാവിനെ ആക്രമിച്ചതാണ് പ്രതികളെക്കുറിച്ച് സൂചന ലഭിക്കാനിടയാക്കിയത്.
ക്വട്ടേഷന്‍ കൊടുത്ത മണിക്കുട്ടന്‍, മറ്റൊരു പ്രതിയായ കുതിരപ്പന്തി വെങ്ങാട്ടമ്പള്ളില്‍ തെക്കതില്‍ കണ്ണന്‍ (22) എന്നിവര്‍ ഒളിവിലാണ്. ഓച്ചിറ എസ്.എച്ച്.ഒ. ആര്‍.പ്രകാശ്, എസ്.ഐ.മാരായ ശ്യാംകുമാര്‍, ഷിജു, പത്മകുമാര്‍, റോബി, രഞ്ചിത്ത്, സ്‌പെഷ്യല്‍ സ്‌ക്വാഡിലെ റിബു, രതീഷ്, എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Content Highlights: quotation team behind the murder attempt in ochira kollam