കണ്ണൂര്‍: രാജ്യത്തെ നടുക്കിയ ആ കൊലപാതകത്തിന് ഞായറാഴ്ച 25 വര്‍ഷം തികയുമ്പോള്‍, ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഡോ. ഓമന 20 വര്‍ഷമായിട്ടും കാണാമറയത്ത്. ഊട്ടി റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ പയ്യന്നൂരിലെ മുരളീധരനെ കൊലപ്പെടുത്തി കഷണങ്ങളാക്കി സ്യൂട്കേസില്‍ നിറച്ച് കാറില്‍ യാത്രചെയ്യവേ പോലീസ് പിടിയിലായ പയ്യന്നൂര്‍ കരുവാച്ചേരിയിലെ ഡോ. ഓമനയാണ് ഇന്നും പോലീസിന്റെ കണ്ണുവെട്ടിച്ച് നടക്കുന്നത്.

1996 ജൂലായ് 11-നാണ് സംഭവം. ഡോ. ഓമനയുടെ അടുത്ത സുഹൃത്തും പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയുമായ മുരളീധരനാണ് കൊല്ലപ്പെട്ടത്. മൃതശരീരം കഷണങ്ങളാക്കി മുറിച്ച് രണ്ട് സ്യൂട്കേസുകളില്‍ നിറച്ചശേഷം ഉപേക്ഷിക്കാനായി കൊടൈക്കനാലിലേക്കും അവിടെനിന്ന് കന്യാകുമാരിയിയിലേക്കും യാത്രചെയ്യവെ തമിഴ്നാട്ടിലെ ഡിണ്ടിക്കലില്‍വെച്ചാണ് ഡോ. ഓമന പിടിയിലാവുന്നത്. വലിയ മാധ്യമശ്രദ്ധ കിട്ടിയ ഈ സംഭവം പിന്നീട് സ്യൂട്കേസ് കൊലപാതകം എന്നാണ് അറിയപ്പെട്ടത്.

കേസില്‍ പിടിയിലായ ഡോ. ഓമന 2001ല്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം മുങ്ങി. പിന്നെ ഒരു വിവരവുമില്ല. മുരളീധരന് ഓമനയുമായുള്ള അടുപ്പവും പിന്നീടുള്ള അകല്‍ച്ചയുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്റര്‍പോള്‍ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്ന പ്രതിയാണ് ഓമന. കൊലയ്ക്ക് മുന്‍പ് മുരളീധരന്റെ ശരീരത്തില്‍ മയക്കുമരുന്നോ വിഷമോ മറ്റോ കുത്തിവെച്ചിരുന്നു. രക്തം കട്ടപിടിക്കുന്നതിനുള്ള മരുന്നുകൂടി കുത്തിവെച്ചു. അതിന് ശേഷമാണ് ശരീരം കഷണങ്ങളാക്കി മുറിക്കുന്നത്. പ്രത്യേക സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചായിരുന്നു ശരീരം മുറിച്ചത്. ശരീരാവശിഷ്ടങ്ങള്‍ നിറച്ച സൂട്കേസുമായി കൊടൈക്കനാലിലേക്കാണ് ആദ്യം കാറില്‍ പോയത്. സ്യൂട്കേസിലെ ദുര്‍ഗന്ധവും ചോരപ്പാടുകളും ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ തന്ത്രപൂര്‍വം അവരെ പോലീസിലെത്തിക്കുകയായിരുന്നു.

മലേഷ്യയിലായിരുന്ന ഡോ. ഓമന കൊലപാതകത്തിന് ഒരാഴ്ച മുന്‍പാണ് കേരളത്തിലെത്തിയത്. തിരുവനന്തപുരത്തുള്ള മുരളീധരനെ ഫോണില്‍ വിളിച്ചുവരുത്തി ഒരുമിച്ച് ഊട്ടിയിലേക്ക് പോവുകയായിരുന്നു. ഭര്‍ത്താവില്‍നിന്ന് നേരത്തെ വിവാഹമോചനം നേടിയിരുന്നു. കൊലപാതകം നടക്കുമ്പോള്‍ അവര്‍ക്ക് 43 വയസ്സായിരുന്നു.

നേത്രരോഗവിദഗ്ദയായ അവര്‍ നേരത്തെ മലേഷ്യയില്‍ ജോലിചെയ്തിരുന്നു. അവര്‍ മലേഷ്യയില്‍ത്തന്നെ ഉണ്ടാവുമെന്ന് കരുതുന്നവരുണ്ട്.