കോട്ടയം: ഹോട്ടലിൽ ഭക്ഷണം വാങ്ങാനെത്തുന്നവരിൽനിന്ന് ബിൽതുക സ്വന്തം ബാങ്ക് അക്കൗണ്ടിന്റെ ക്യു.ആർ. കോഡിലൂടെ അടപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ഹോട്ടൽ മാനേജർ അറസ്റ്റിൽ. തൃശ്ശൂർ പടിയം കണ്ടാശങ്കടവ് പനയ്ക്കൽ വീട്ടിൽ ബിനോജ് കൊച്ചുമോനെ (42) യാണ് കോട്ടയം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ റിജോ പി.ജോസഫ് അറസ്റ്റ് ചെയ്തത്. രണ്ട് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായാണ് പരാതി.

കോട്ടയം കളത്തിൽപടി ഷെഫ് മാർട്ടിൻ ഹോട്ടലിലെ മാനേജരായിരുന്നു. ഗൂഗിൾ പേ, കസ്റ്റർസ് തുടങ്ങി ക്യൂ.ആർ. കോഡിലൂടെ അടയ്ക്കുന്ന ബിൽതുകയാണ് തട്ടിയെടുത്തത്. സ്ഥാപനത്തിന്റെ ക്യു.ആർ. കോഡിനുപകരം സ്വന്തം ക്യു.ആർ. കോഡ് രജിസ്റ്റർ ചെയ്ത് അത് ഹോട്ടലിൽ പ്രദർശിപ്പിക്കുകയായിരുന്നു. ക്യു.ആർ. കോഡിലൂടെയുള്ള പണമിടപാടുകളിൽ കുറവ് വന്നതിനെത്തുടർന്ന് സംശയം തോന്നിയ ഹോട്ടലുടമ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. ഇടപാടുകാർ ക്യു.ആർ. കോഡ് സ്കാൻചെയ്ത് പണം അടയ്ക്കുന്നുണ്ടെന്ന് കണ്ടെത്തി.

ഉടമ സുഹൃത്തിനെ ഭക്ഷണം വാങ്ങാൻ ഹോട്ടലിലേക്കയച്ചു. ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് പണംനൽകി. ബിൽ ചോദിച്ചെങ്കിലും നൽകാൻ തയ്യാറായില്ല.

തുടർന്ന് നിർബന്ധപൂർവം ബിൽവാങ്ങി ഉടമയെ അറിയിച്ചു. ഉടമ ക്യു.ആർ. കോഡ് വഴിയുള്ള പണമിടപാട് പരിശോധിച്ചപ്പോൾ ഈ തുക അക്കൗണ്ടിലെത്തിയിട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന് കോട്ടയം ഡിവൈ.എസ്.പി. ജെ. സന്തോഷ് കുമാറിന് പരാതി നൽകി. എസ്.ഐ. അനീഷ് കുമാർ, എൻ.എം. സാബു, എ.എസ്.ഐ. അൻസാരി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക്‌ റിമാൻഡുചെയ്തു.