ചാരുംമൂട് : സാമ്പത്തികത്തട്ടിപ്പു കേസില്‍ ഉമ്പര്‍നാട് മുട്ടത്താന്‍ പറമ്പില്‍ വീട്ടില്‍ സലേഷി(30)നെ കുറത്തികാട് പോലീസ് അറസ്റ്റു ചെയ്തു. തെക്കേക്കര ഉമ്പര്‍നാട് മുട്ടത്താന്‍ പറമ്പില്‍ സുജിമോന്റെ ഭാര്യ മഞ്ജുഷ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സുജിമോന്റെ ബന്ധുവാണ് സലേഷ്.

ക്യൂനെറ്റ് എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പെന്ന് പോലീസ് പറഞ്ഞു. മാര്‍ക്കറ്റിങ് ബിസിനസില്‍ പങ്കാളിയാക്കാമെന്നും മികച്ച ലാഭമുണ്ടാക്കാമെന്നും വാഗ്ദാനംചെയ്ത് 1,27,000 രൂപ വാങ്ങി കബളിപ്പിച്ചുവെന്നാണു കേസ്. എന്നാല്‍, ക്യൂനെറ്റ് ഫ്രാഞ്ചൈസി നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ല. പകരം വജ്രാഭരണം ആണെന്നുപറഞ്ഞു വിലകുറഞ്ഞ ഫാന്‍സി കമ്മലുകള്‍ നല്‍കി കബളിപ്പിച്ചതായും പോലീസ് പറഞ്ഞു.

പ്രതിക്കെതിരേ സമാനരീതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയതിനു മറ്റുസ്റ്റേഷനുകളിലും പരാതികള്‍ ഉണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും എസ്.എച്ച്.ഒ. സുനുമോന്‍ പറഞ്ഞു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സതീഷ്, ഗംഗാപ്രസാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.