ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്യാരേ മിയാനായി വലവിരിച്ച് മധ്യപ്രദേശ് പോലീസ്. പ്രതിയെ പിടികൂടാനായി പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചതായി മധ്യപ്രദേശ് പോലീസ് അറിയിച്ചു. ആറ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ.മാർ, രണ്ട് ഡി.വൈ.എസ്.പിമാർ, ഒരു എ.എസ്.പി. എന്നിവരടങ്ങുന്നതാണ് അന്വേഷണസംഘം. പ്യാരേ മിയാനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 30000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.
അതിനിടെ, പ്യാരി മിയാന്റെ ഭോപ്പാലിലെ ഫ്ളാറ്റിൽ നടത്തിയ റെയ്‌ഡിൽ നിരവധി സെക്സ് ടോയ്സും ലക്ഷങ്ങൾ വിലവരുന്ന മദ്യവും കണ്ടെത്തി. അൻസൽ അപ്പാർട്ട്മെന്റ്സിലെ നാലാം നിലയിലെ ഫ്ളാറ്റിൽ പ്രത്യേക ഡാൻസ് ഫ്ളോറും ഒരുക്കിയിരുന്നു. നിരവധി ലൈംഗിക ഉത്തേജന മരുന്നുകളും ആഡംബര കാറുകളും പോലീസ് പിടിച്ചെടുത്തു.
ഈ ഫ്ളാറ്റിലാണ് പ്യാരേ മിയാൻ സെക്സ് പാർട്ടികൾ നടത്തി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. മദ്യക്കുപ്പികൾ പിടിച്ചെടുത്ത സംഭവത്തിൽ എക്സൈസ് നിയമപ്രകാരവും പുതിയ കേസെടുത്തെന്നും പോലീസ് അറിയിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇയാൾ വിദേശരാജ്യങ്ങളിൽ കൊണ്ടുപോയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ദുബായ്, തായ്ലാൻഡ്, സ്വിറ്റ്സർലന്റ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇയാൾ കുട്ടികളുമായി യാത്രചെയ്തത്.
പ്യാരേ മിയാൻ അനധികൃതമായി നിർമിച്ച മൂന്ന് കെട്ടിടങ്ങൾ അധികൃതർ കഴിഞ്ഞദിവസം പൊളിച്ചുനീക്കിയിരുന്നു. തലായ്യയിലെ നാല് നില അപ്പാർട്ട്മെന്റും അൻസൽ അപ്പാർട്ട്മെന്റിനോട് ചേർന്ന ഒരു താൽക്കാലിക കെട്ടിടവും ഒരു ഓഡിറ്റോറിയവുമാണ് ഇടിച്ചുനിരത്തിയത്.
മധ്യപ്രദേശിലെ പ്രാദേശിക പത്രത്തിന്റെ ഉടമയായ പ്യാരേ മിയാൻ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. രാത്തിബാദ് മേഖലയിൽ പ്രായപൂർപൂത്തിയാകാത്ത പെൺകുട്ടികളെ മദ്യലഹരിയിൽ പോലീസ് കണ്ടെത്തിയതോടെയാണ് വൻ റാക്കറ്റിന്റെ ചുരുളഴിഞ്ഞത്. ചൈൽഡ്ലൈൻ പ്രവർത്തകർ പെൺകുട്ടികളെ വിശദമായി ചോദ്യം ചെയ്തതോടെ പ്യാരേ മിയാനാണ് തങ്ങളെ പാർട്ടിക്ക് ക്ഷണിച്ചതും മദ്യംനൽകിയതെന്നും കുട്ടികൾ വെളിപ്പെടുത്തിയിരുന്നു.
നിരവധി തവണ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും കുട്ടികൾ പറഞ്ഞു. ഇതോടെയാണ് മധ്യപ്രദേശ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. എന്നാൽ അന്വേഷണം തുടങ്ങിയതിന് പിന്നാലെ പ്യാരി മിയാനും കൂട്ടാളികളും ഒളിവിൽ പോവുകയായിരുന്നു. അതേസമയം, പ്യാരേ മിയാനെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതോടെ ഇയാളുടെ ജേണലിസ്റ്റ് അക്രഡിറ്റേഷൻ സംസ്ഥാന സർക്കാർ റദ്ദാക്കി.
Content Highlights:pyare miyan child abuse case madhya pradesh