അമ്പലപ്പുഴ: മനുവിനെ തല്ലിക്കൊന്ന് കടലിൽ താഴ്ത്തിയെന്ന സമർഥമായ കെട്ടുകഥ മെനഞ്ഞ് പോലീസിനോട് കുറ്റസമ്മതം നടത്തിയ പത്രോസ് ജോണും, സൈമണും അന്വേഷണത്തെ വഴി തെറ്റിക്കാനായിരുന്നു ശ്രമിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകീട്ടും ശനിയാഴ്ച പുലർച്ചേയുമായി പോലീസ് കടലിൽ തിരച്ചിൽനടത്തി.

ഇവരുടെ മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ്, അന്വേഷണത്തിന്‌ മറ്റു വഴികളും തേടുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇവരുടെ സഹായിയായ സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ ഇയാളാണ് പോലീസിനോട് സത്യം പറഞ്ഞത്.

മനുവിനെ തല്ലിക്കൊന്ന് ശരീരത്തിൽ കല്ലുകെട്ടി കടലിൽ താഴ്ത്തിയെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. ഇതിന് ഉപയോഗിച്ചുവെന്ന് പറയുന്ന പൊങ്ങുവള്ളവും ഇവർ പോലീസിന് കാട്ടിക്കൊടുത്തു. പൊങ്ങുവള്ളത്തിൽ രക്തക്കറയുണ്ടായിരുന്നു. ഇതേത്തുടർന്ന് വെള്ളിയാഴ്ച വള്ളം പോലീസ് കസ്റ്റഡിയിലെടുത്തു.

കടൽ ക്ഷോഭിച്ചുനിൽക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ പൊങ്ങുവള്ളത്തിൽ ഒരാളെ കടലിൽ കൊണ്ടുപോയി താഴ്ത്തുകയെന്നത് അസാധ്യമാണെന്ന് പ്രദേശത്തെ പരമ്പരാഗത മീൻപിടിത്ത തൊഴിലാളികൾ പോലീസിനെ അറിയിച്ചു. ഇക്കാര്യം മുഖവിലയ്ക്കെടുത്തുകൊണ്ടാണ് അന്വേഷണസംഘം മുന്നോട്ടുനീങ്ങിയത്.

മത്സ്യബന്ധനവകുപ്പിന്റെയും തീരദേശ പോലീസിന്റെയും ബോട്ടുകളിലായിരുന്നു ആദ്യ തിരച്ചിൽ. ശനിയാഴ്ച രാവിലെ നിരവധി വള്ളങ്ങളും ബോട്ടുകളുമിറക്കി മീൻപിടിത്ത തൊഴിലാളികളും കടലിൽ തിരച്ചിൽ നടത്തി. ഇതിനിടെയാണ് അന്വേഷണത്തിന് വഴിത്തിരിവായി പ്രതി സെബാസ്റ്റ്യന്റെ വെളിപ്പെടുത്തലുണ്ടായത്‌.

ശനിയാഴ്ച രാവിലെ മുതൽ അറസ്റ്റിലായ ജോസഫ്, സെബാസ്റ്റ്യൻ എന്നിവരുമൊത്ത് പോലീസ് പറവൂർ ഗലീലിയ കടപ്പുറത്ത് തെളിവെടുപ്പ് തുടങ്ങി. മനുവിനെ കുഴിച്ചിട്ടതായി പല പല സ്ഥലങ്ങൾ പ്രതികൾ കാട്ടിക്കൊടുത്തപ്പോൾ പോലീസ് ആശയക്കുഴപ്പത്തിലായി. ഏറ്റവും ഒടുവിലായി ഗലീലിയ കടപ്പുറത്ത് തെക്ക് ഭാഗത്തായി കൃത്യം നടന്ന സ്ഥലം പ്രതികൾ കാട്ടി.

ഉച്ചയോടെ പ്രതികളുടെ സാന്നിധ്യത്തിൽ പോലീസ് ഇവിടെ കുഴിച്ചുനോക്കി. രണ്ടരയോടെയാണ് യന്ത്രത്തിന്റെ സഹായത്താൽ മണൽ നീക്കി മൃതദേഹം പുറത്തെടുത്തത്. ചേർത്തല തഹസിൽദാർ മനോജ്കുമാറിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം മോർച്ചറിയിലേക്ക്‌ മാറ്റി. ഞായറാഴ്ച പോസ്റ്റ്‌മോർട്ടം നടക്കും.

ജില്ലാ പോലീസ് മേധാവി കെ.എം.ടോമി സ്ഥലത്തെത്തി. ഡിവൈ.എസ്.പി. പി.വി.ബേബി, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. എം.കെ.ബിനുകുമാർ, സൗത്ത് സി.ഐ. എൻ.കെ.രാജേഷ്, തീരദേശ പോലീസ് സി.ഐ. ബി.വിനോദ്കുമാർ, സൗത്ത് എസ്.ഐ. എസ്.ദ്വിജേഷ് എന്നിവരടക്കം വൻപോലീസ് സംഘമാണ് സ്ഥലത്തുണ്ടായിരുന്നത്.

Content Highlights: Punnapra Murder,dramatic scenes during investigation for the Manu's dead body