ചണ്ഡീഗഢ്:  ഭാര്യയെ കാറിലിരുത്തി യുവാവ് പുറത്തിറങ്ങിയപ്പോള്‍ കാറുമായി മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. കാറിലുണ്ടായിരുന്ന യുവതിയുമായാണ് മോഷ്ടാക്കള്‍കടന്നത്. ഒടുവില്‍ അഞ്ച് കിലോമീറ്റര്‍ അകലെ ടോള്‍പ്ലാസയില്‍ യുവതിയെ ഉപേക്ഷിച്ചു. ചണ്ഡീഗഢിന് സമീപം ദേരാബാസിയിലായിരുന്നു നാടകീയമായ സംഭവം. 

സ്വകാര്യ കമ്പനി ജീവനക്കാരനായ രാജീവ് ചന്ദിന്റെ കാറാണ് പട്ടാപ്പകല്‍ മോഷ്ടിക്കപ്പെട്ടത്. ഭാര്യ റിതുവിനൊപ്പം കുട്ടികളുടെ സ്‌കൂളില്‍ ഫീസ് അടയ്ക്കാനെത്തിയതായിരുന്നു രാജീവ്. കാര്‍ റോഡരികില്‍നിര്‍ത്തി ഭാര്യയെ കാറിലിരുത്തി ഇദ്ദേഹം സ്‌കൂളിലേക്ക് പോയി. കാറിന്റെ താക്കോലും എടുത്തിരുന്നില്ല. 

രാജീവ് സ്‌കൂളിലേക്ക് പോയതിന് പിന്നാലെയാണ് രണ്ടുപേര്‍ കാറിന്റെ വാതില്‍ തുറന്ന് അകത്തുകയറിയത്. ഒരാള്‍ ഡ്രൈവറുടെ ഇരിപ്പിടത്തിലും മറ്റൊരാള്‍ പിറകിലുമാണ് കയറിയത്. ഉടന്‍തന്നെ ഇവര്‍ മുന്‍സീറ്റിലുണ്ടായിരുന്ന റിതുവിന്റെ മുഖംപൊത്തി. പിന്നാലെ കാറുമായി കടന്നുകളയുകയായിരുന്നു. ദേശീയപാതയിലേക്ക് പ്രവേശിച്ച മോഷ്ടാക്കള്‍ ഒടുവില്‍ അംബാല ടോള്‍പ്ലാസയ്ക്ക് സമീപത്തുവെച്ചാണ് യുവതിയെ റോഡില്‍ ഉപേക്ഷിച്ചത്. 

സംഭവത്തില്‍ കേസെടുത്തതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്താനായി അംബാല ടോള്‍പ്ലാസ വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. 

Content Highlights: punjab car theft robbers drive off car with man's wife later abandoned in road