പൂണെ: ഭാര്യയുടെ ഫെയ്സ്ബുക്ക് സുഹൃത്തിനെ ഭർത്താവും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. പൂണെ സഞ്ജയ് നഗർ സ്വദേശി സൗരഭ് വെങ്കിട്ട് ജാദവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പൂണെ സ്വദേശികളായ അയാജ് ഷെയ്ഖ്, സുഹൃത്ത് സോന്യ ബറാത്തെ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് പൂണെയിലെ ഒരു ആശുപത്രി പരിസരത്ത് സൗരഭിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. കഴുത്തിലും കൈകളിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ ജാദവ് ചികിത്സയിലിരിക്കെ അന്നേദിവസം തന്നെ മരിച്ചു. തുടർന്ന് യുവാവിന്റെ സഹോദരൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
സൗരഭിന്റെ ഫെയ്സ്ബുക്ക് സൗഹൃദം വഴിയാണ് പോലീസ് സംഘം പ്രതികളിലേക്കെത്തിയത്. മുഖ്യപ്രതി അയാജ് ഷെയ്ഖിന്റെ ഭാര്യയും സൗരഭും ഏറെക്കാലമായി ഫെയ്സ്ബുക്കിൽ സുഹൃത്തുക്കളാണ്. അയാജ് ഷെയ്ഖുമായുള്ള വിവാഹത്തിന് മുമ്പ് തന്നെ യുവതിയും യുവാവും ഫെയ്സ്ബുക്ക് സൗഹൃദം ആരംഭിച്ചിരുന്നു. ഇതുവരെ ഇരുവരും നേരിൽ കണ്ടിട്ടില്ലെങ്കിലും വിവാഹം കഴിഞ്ഞിട്ടും സൗഹൃദം തുടർന്നു. എന്നാൽ ഭാര്യ സ്ഥിരമായി സൗരഭുമായി സംസാരിക്കുന്നതും ചാറ്റ് ചെയ്യുന്നതും അയാജിനെ പ്രകോപിപ്പിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
സംഭവദിവസം പൂണെയിലെ ഒരു ആശുപത്രിക്ക് സമീപം സൗരഭിനെ പ്രതികൾ വിളിച്ചുവരുത്തി. തുടർന്ന് ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കേസിൽ അറസ്റ്റിലായ സോന്യ ബറാത്തെ നേരത്തെ അടിപിടി കേസുകളിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
Content Highlights:pune man killed wifes facebook friend