പുണെ: വേഷം മാറി പോലീസ് സ്റ്റേഷനുകളിൽ പരിശോധന നടത്തി പുണെ പോലീസ് കമ്മീഷണർ കൃഷ്ണപ്രകാശ്. അസി. കമ്മീഷണർ പ്രേർണ കാട്ടെയ്ക്കൊപ്പമാണ് പോലീസ് കമ്മീഷണർ വേഷംമാറിയെത്തി വിവിധ പോലീസ് സ്റ്റേഷനുകളിൽ പരിശോധന നടത്തിയത്. മിക്ക സ്റ്റേഷനുകളിലും പോലീസുകാരുടെ ഇടപെടൽ അഭിനന്ദനാർഹമാണെന്ന് വിലയിരുത്തിയ കമ്മീഷണർക്ക് ഒരു സ്റ്റേഷനിൽ മാത്രം ഭുരനുഭവം നേരിടേണ്ടിവന്നു. ഈ സംഭവത്തിൽ സ്റ്റേഷനിലെ പോലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.

പഠാൻ വേഷത്തിലാണ് കമ്മീഷണർ തന്റെ പരിധിയിലെ വിവിധ സ്റ്റേഷനുകളിൽ പരിശോധന നടത്തിയത്. നീണ്ടതാടിയും കുർത്തയും ധരിച്ച് ആർക്കും തിരിച്ചറിയാൻ കഴിയാത്ത രീതിയിലായിരുന്നു ഉദ്യോഗസ്ഥൻ സ്റ്റേഷനിലെത്തിയത്. ഒപ്പം ഭാര്യയായി അസി. കമ്മീഷണറും വേഷംമാറിയെത്തി. വ്യത്യസ്ത പരാതികളുമായാണ് ഇവർ എല്ലാ സ്റ്റേഷനുകളിലെയും പോലീസുകാരെ സമീപിച്ചത്. മിക്ക സ്റ്റേഷനുകളിലും പോലീസുകാർ അനുഭാവപൂർവം പരാതി പരിഗണിച്ചെന്നാണ് ഇരുവരുടെയും വിലയിരുത്തൽ.

ഭാര്യയെ സാമൂഹികവിരുദ്ധർ ആക്രമിച്ചെന്നും റോഡിൽവെച്ച് പടക്കം പൊട്ടിച്ചെന്നും പറഞ്ഞാണ് ഇരുവരും ഹിഞ്ചേവാഡി പോലീസ് സ്റ്റേഷനിൽ എത്തിയത്. വാകാട് പോലീസ് സ്റ്റേഷനിൽ ഭാര്യയുടെ മാല പൊട്ടിച്ചെന്നും പരാതി അറിയിച്ചു. എന്നാൽ പിംപ്രി-ചിഞ്ച്വാദ് പോലീസ് സ്റ്റേഷനിൽ കോവിഡ് രോഗിയിൽനിന്ന് ആംബുലൻസുകാർ അമിത വാടക ഈടാക്കിയെന്നാണ് പരാതി നൽകിയത്. പക്ഷേ, ഇവിടെ പോലീസുകാർ ആളറിയാതെ കമ്മീഷണറോടും അസി. കമ്മീഷണറോടും മോശമായരീതിയിൽ സംസാരിച്ചു.

ആംബുലൻസുകാർ അമിതവാടക വാങ്ങിയതിൽ തങ്ങൾക്കൊന്നും ചെയ്യാനാകില്ലെന്നായിരുന്നു സ്റ്റേഷനിലെ പോലീസുകാരുടെ മറുപടി. മാത്രമല്ല, പരാതിക്കാരായ ദമ്പതിമാരെ സ്വീകരിച്ചതിലും അപകാതകളുണ്ടായി. തുടർന്ന് പോലീസുകാരോട് കമ്മീഷണറാണെന്ന് വെളിപ്പെടുത്തിയ കൃഷ്ണപ്രകാശ് പോലീസുകാർക്കെതിരേ കർശന നടപടിക്കും നിർദേശം നൽകി.

പോലീസുകാർക്കെതിരേ അന്വേഷണം നടത്താൻ ഡിവിഷണൽ അസി. കമ്മീഷണറെയാണ് അദ്ദേഹം ചുമതലപ്പെടുത്തിയത്. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. എന്തായാലും കമ്മീഷണറുടെ വേഷംമാറിയുള്ള പരിശോധന പോലീസുകാരെ അല്പമൊന്ന് ചൊടിപ്പിച്ചിട്ടുണ്ടെങ്കിലും സാമൂഹികമാധ്യമങ്ങളിലടക്കം ഏറെ കൈയടി നേടിയിട്ടുണ്ട്.

Content Highlights:pune commissioner and acp disguises as common people and conducted checking in stations