പുനലൂർ : ചെമ്മന്തൂർ സന്തോഷ് ഭവനിൽ സനിൽകുമാറി(39)നെ നടുറോഡിൽ വെട്ടിക്കൊന്ന സംഭവത്തിലെ പ്രതിയെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. സനിലിന്റെ സുഹൃത്ത്, ചെമ്മന്തൂർ പകിടിയിൽ ചരുവിളവീട്ടിൽ സുരേഷ് (49) ആണ് അറസ്റ്റിലായത്. ഇയാൾ മരംവെട്ടു തൊഴിലാളിയാണ്.

ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ചെമ്മന്തൂരിൽ കുതിരച്ചിറ റോഡിലായിരുന്നു സംഭവം. തന്റെ ഓട്ടോറിക്ഷയുടെ അറ്റകുറ്റപ്പണിക്കായി സനിലിനോട് സുരേഷ് പണം കടമായി ആവശ്യപ്പെട്ടിരുന്നെന്നും ഇത് കിട്ടാതിരുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പുനലൂർ പോലീസ് ഇൻസ്പെക്ടർ ജെ.രാകേഷ് പറഞ്ഞു. തെളിവെടുപ്പിനുശേഷം പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൃത്യം നടന്ന സ്ഥലത്ത് ബുധനാഴ്ച രാവിലെ ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. റോഡിൽ തളംകെട്ടിനിന്ന രക്തം പിന്നീട് അഗ്നിശമന സേനയെത്തി കഴുകി നീക്കംചെയ്തു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്തശേഷം വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ട് ആറരയോടെ സംസ്കരിച്ചു.

ഒറ്റവെട്ട്, സെക്കൻഡുകൾക്കുള്ളിൽ മരണം

വിളക്കുവെട്ടത്ത് കഷ്ടിച്ച് ഒരാഴ്ചമുൻപ് നടന്ന കൊലപാതകത്തിന്റെ ആഘാതം മാറുംമുൻപ് പുനലൂരിൽ വീണ്ടും കൊലപാതകം. ചൊവ്വാഴ്ച വൈകീട്ട് ചെമ്മന്തൂരിൽ നടുറോഡിൽ നടന്ന കൊലപാതകത്തിന്റെ ഞെട്ടലിലാണിപ്പോൾ പുനലൂർ. ചെമ്മന്തൂർ സന്തോഷ് ഭവനിൽ സനിൽകുമാർ എന്ന 39-കാരനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ സി.സി.ടി.വി. ദൃശ്യം സാമൂഹികമാധ്യമങ്ങൾവഴി പ്രചരിക്കുകകൂടി ചെയ്തതോടെ നാട് കൂടുതൽ ആഘാതത്തിലായി.

റോഡിൽ സംസാരിച്ചുനിൽക്കെ സനിലിനെ വാക്കത്തികൊണ്ട് വെട്ടുന്നതിന്റെ നേർക്കാഴ്ചയാണ് സമീപത്തെ സ്ഥാപനത്തിലെ സി.സി.ടി.വി. ക്യാമറ ഒപ്പിയെടുത്തത്. കഴുത്തിൽ ഇടതുഭാഗത്തായി ഒറ്റവെട്ട്. എടുത്തെറിഞ്ഞപോലെ നിലത്തുവീഴുന്ന സനിൽ. ഒന്നു പിടയ്ക്കുകപോലും ചെയ്യാതെ സെക്കൻഡുകൾക്കുള്ളിൽ മരണം.

സംഭവം കണ്ടുനിന്നവർ വാഹനത്തിലും മറ്റുമായി സ്ഥലത്തുനിന്ന് ഒഴിഞ്ഞുപോകുന്നത് ദൃശ്യത്തിലുണ്ട്. അല്പസമയത്തിനുള്ളിൽ പോലീസ് എത്തിയാണ് സനിലിന്റെ മൃതദേഹം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് കോവിഡ് പരിശോധന നടത്തി ബുധനാഴ്ച രാവിലെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു.

നഗരസഭയിലെ വിളക്കുവെട്ടം പന്ത്രണ്ടേക്കറിൽ നടന്ന വീടുകയറിയുള്ള ആക്രമണത്തിൽ തടത്തിൽവീട്ടിൽ സുരേഷ് ബാബു (56) കൊല്ലപ്പെട്ടത് ഏതാനും ദിവസങ്ങൾക്കുമുൻപാണ്. ഇതുമായി ബന്ധപ്പെട്ട് സമീപവാസികളടക്കം എട്ടുപേരെ ദിവസങ്ങൾക്കുള്ളിൽ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.